ജൂനാഗഡ്: ജൂനാഗഡ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകര്‍ ഗുജറാത്തില്‍ കണ്ടുവരുന്ന ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണ്ണം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. അയോണിക രൂപത്തില്‍ മൂത്രത്തില്‍ ലയിച്ചുചേര്‍ന്ന നിലയിലാണ് സ്വര്‍ണ്ണം കിടക്കുന്നതെന്നും, രാസമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഈ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
സൗരാഷ്ട്രയിലെ ഗിര്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളാണ് ഗിര്‍ പശുക്കളുടെ ഉത്ഭവസ്ഥാനം. താഴോട്ടോ, പിറകിലോട്ടോ വളഞ്ഞിരിക്കുന്ന കൊമ്പുകളും തൂങ്ങിയ ചെവികളുമാണ് ഇവയെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങള്‍.
നാലു വര്‍ഷക്കാലം നീണ്ടുനിന്ന നാനൂറ് പശുക്കളുടെ മൂത്രം ഉപയോഗിച്ചുള്ള പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സ്വര്‍ണ്ണത്തിന്‍റെ അംശം ഉണ്ടെന്നതിന് സ്ഥിരീകരണം ലഭിച്ചതെന്ന് ബയോടെക്നോളജി വിഭാഗം മേധാവി ഡോ. ബി.എ.ഗൊലാകിയ പറഞ്ഞു. ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ മൂന്നു മുതല്‍ പത്തു വരെ മില്ലിഗ്രാം സ്വര്‍ണ്ണമുണ്ടാകും.
മൂത്രത്തില്‍ നിന്ന്‍ ഔഷധഗുണമുള്ള മറ്റ് 388 സംയുക്തങ്ങളും കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തല്‍ വന്‍വാര്‍ത്താപ്രാധാന്യം നേടിയതോടെ ചില വിശദീകരണങ്ങള്‍ നല്‍കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ഗവേഷകസംഘം. വാണിജ്യപ്രാധാന്യം കുറവുള്ള സ്വര്‍ണ്ണമാണ് മൂത്രത്തില്‍ അടങ്ങിയിരിക്കുന്നതെന്ന വിശദീകരണമാണ് അതില്‍ ഏറ്റവും പ്രധാനം. വേര്‍തിരിച്ചെടുത്താലും ഒരു ലിറ്ററില്‍ നിന്ന് 30 മുതല്‍ 100 വരെ രൂപയ്ക്കുള്ള സ്വര്‍ണ്ണമേ ലഭിക്കൂ. പക്ഷേ, മൂത്രത്തിന്‍റെ ഔഷധമൂല്യം വച്ചു നോക്കിയാല്‍ ഒരു ലിറ്റര്‍ 150 മുതല്‍ 300 വരെ രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കും.
രോഗാണുക്കളോടുള്ള മൂത്രത്തിന്‍റെ പ്രതിരോധശേഷി മനസ്സിലാക്കുന്നതോടൊപ്പം, ഇന്ത്യയിലെ മറ്റ് നാടന്‍ കന്നുകാലിയിനങ്ങളുടെ മൂത്രം ഉപയോഗിച്ചും ഗവേഷണം തുടരുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പശുവിന്‍റെ പാലിനേക്കാള്‍ മൂത്രത്തിന് വില ലഭിക്കുന്നതാണ് ഗവേഷണസംഘത്തിന്‍റെ ഭാവിസ്വപ്നം. ഇപ്പോഴത്തെ കണ്ടെത്തലിന് പേറ്റന്‍റിനായും അപേക്ഷിക്കും.
Post Your Comments