
മുംബൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെപ്പോലെ അവശയായെന്ന വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് സല്‍മാന്‍ ഖാന്‍ വീണ്ടും നിയമക്കുരുക്കില്‍. സല്‍മാന്റെ പരാമര്‍ശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിനിരയായ യുവതി നോട്ടീസ് അയച്ചു. പരാമര്‍ശത്തില്‍ പരസ്യമായി മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു.
ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ യുവതിയാണ് സല്‍മാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വിലാസത്തിലേക്ക് നോട്ടിസ് അയച്ചത്. സല്‍മാന്റെ പരാമര്‍ശത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി നോട്ടിസില്‍ പെണ്‍കുട്ടി പറയുന്നു. ഇതെന്നെ മാനസികമായി തളര്‍ത്തി. ഇപ്പോള്‍ ഞാന്‍ മനഃശാസ്ത്രജ്ഞന്റെ ചികില്‍സയിലാണ്. എന്റെ ഇപ്പോഴത്തെ മാനസിക തകര്‍ച്ചയ്ക്ക് കാരണം സല്‍മാന്റെ പരാമര്‍ശമാണെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ സല്‍മാനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സല്‍മാന്‍ ഖാനെപ്പോലെ നല്ലൊരു വ്യക്തിത്വത്തിനുടമയായ ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ മോശമായ പ്രസ്താവന നടത്താന്‍ കഴിഞ്ഞുവെന്നാണ് നോട്ടിസിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള പെണ്‍കുട്ടിയുടെ പ്രതികരണം. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വേദന അവള്‍ക്ക് മാത്രമേ അറിയൂ. ഇത്തരമൊരു സംഭവത്തെ ഇത്ര ലാളിത്യത്തോടെ നോക്കിക്കാണാന്‍ അദ്ദേഹത്തിനു എങ്ങനെ സാധിച്ചുവെന്നും പെണ്‍കുട്ടി ചോദിച്ചു.
നാലുവര്‍ഷം മുന്‍പാണ് 10 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. 10 പേരില്‍ നാലുപേരെ ജീവപര്യന്തം തടവിനു വിധിച്ചു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഇപ്പോള്‍ ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Post Your Comments