തിരുവനന്തപുരം: ദേവസ്വം നിയമന വിവാദത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയപരമായ നിലപാടെടുത്തിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. സമുദായ സംഘടനകള്‍ക്കിടയില്‍ പ്രത്യേകിച്ചും. തീരുമാനം ദുരുദ്ദേശ പരവും ഹൈന്ദവ സംഘടനകളോടുള്ള വെല്ലുവിളിയുമാണെന്ന് ഏറ്റവുമൊടുവില്‍ എന്‍.എസ്.എസ് പ്രമേയവും പാസാക്കി. ഈ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം .
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും അതിരൂക്ഷ പ്രതികരണവുമായി എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന മുന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ അടക്കമുള്ളവരുടെ പരസ്യനിലപാടുകള്‍ നിലനില്‍ക്കെ വകുപ്പുമന്ത്രിയുടെ ഒളിച്ചുകളി സമുദായ പ്രീണന നയമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എം.ജി സര്‍വ്വകലാശാല സിന്‍റികേറ്റിലെ മുഴുവന്‍ അംഗങ്ങളേയും പിരിച്ച് വിട്ടപ്പോള്‍ ജി. സുകുമാരന്‍ നായരുടെ മകള്‍ സുജാതാദേവിയെ മാത്രം നിലനിര്‍ത്തിയതടക്കമുള്ള നടപടികള്‍ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുമുണ്ട്.
Post Your Comments