India

ചരിത്രനേട്ടം : ഇന്ത്യയ്ക്ക് മിസൈല്‍ ഗ്രൂപ്പില്‍ അംഗത്വം

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (എം.ടി.സി.ആര്‍) ത്തില്‍ അംഗത്വം ലഭിച്ചു. എം.ടി.സി.ആറില്‍ അംഗമാവുന്ന 35-ാമത്തെ അംഗരാജ്യമാണ് ഇന്ത്യ. അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഒപ്പുവച്ചു. ഫ്രാന്‍സിലെ നിയുക്ത അംബാസഡര്‍ അലക്സാന്ദ്രെ സീഗ്ളെര്‍, നെതര്‍ലന്‍ഡ് അംബാസഡര്‍, ലക്സംബര്‍ഗ് അംബാസഡര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കഴിഞ്ഞവര്‍ഷം എംടിസിആറിലെ ഇന്ത്യന്‍ അംഗത്വത്തിന് എതിരുനിന്ന ഇറ്റലി ഇത്തവണ അനുകൂലിച്ചതോടെ ഇന്ത്യയുടെ അംഗത്വത്തിനു വഴിയൊരുങ്ങിയത്.

റഷ്യന്‍ സഹകരണത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കാനും അമരിക്കന്‍ നിര്‍മ്മിത പ്രിഡേറ്റര്‍ ഡ്രോണ്‍ എന്ന ആളില്ലാവിമാനം വാങ്ങുന്നത്തിനും ഇന്ത്യയെ അംഗത്വം സഹായിക്കും. നിരീക്ഷണത്തിനുപയോഗിക്കുന്ന ഈ ഡ്രോണുകള്‍ക്ക് ക്യാമറകള്‍ക്കും സെന്‍സറുകള്‍ക്കും പുറമേ മിസൈലുകളും വഹിക്കാന്‍ ശേഷിയുണ്ടാകും. കൂടാതെ ബഹിരാകാശ ഗവേഷണത്തിലും ഏറ്റവും പുതിയ അറിവുകളും ഉപകരണങ്ങളും വാങ്ങാന്‍ എം.ടി.സി.ആര്‍ അവസരം നല്കും.

2008ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവകരാര്‍ ഒപ്പിട്ട ശേഷമാണ് ആയുധ വ്യാപാര നിയന്ത്രണ ഗ്രൂപ്പുകളായ എംടിസിആര്‍, എന്‍എസ്ജി, ഓസ്ട്രേലിയ ഗ്രൂപ്പ്, വാസിനാര്‍ അറേഞ്ച്മെന്റ് എന്നിവയില്‍ അംഗമാകാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്. നേരത്തേ നാം എംടിസിആറില്‍ അംഗമായിരുന്നുവെങ്കില്‍ 300 കിലോമീറ്റര്‍ വരെ മാത്രം ദൂരപരിധിയുള്ള മിസൈലുകളേ നിര്‍മിക്കാനാവുമായിരുന്നുള്ളൂ. വൈകിച്ചേര്‍ന്നതുകൊണ്ട് ഇന്ത്യക്ക് ഈ രംഗത്ത് കൂടുതല്‍ മുന്നേറാനായി. ഇപ്പോള്‍ 5000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി -5 മിസൈല്‍ ഇന്ത്യക്കുണ്ട്. 10,000 കിലോമീറ്റര്‍ പരിധി ഉള്ള അഗ്നി 6 നിര്‍മാണഘട്ടത്തിലാണ്.

shortlink

Post Your Comments


Back to top button