NewsIndia

തൊള്ളായിരം വര്‍ഷം പഴക്കമുണ്ട് ദ്രാവിഡ ശൈലിയില്‍ പണിതീര്‍ത്ത ഈ വൈഷ്ണവ ക്ഷേത്രത്തിന്!

കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ബേലൂര്‍ ഒരു ക്ഷേത്രനഗരമാണ്. ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു ബേലൂര്‍. ബെലൂരില്‍, യഗച്ചി നദിയുടെ തീരത്ത് ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനന്‍ പണികഴിപ്പിച്ച വിഷ്ണു ക്ഷേത്രമാണ് ചെന്നകേശവ ക്ഷേത്രം. ഈ ക്ഷേത്രം വിജയനാരായണ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. യുണെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെട്ട, 900-വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു ക്ഷേത്രാത്ഭുതമാണ് ചെന്നകേശവ ക്ഷേത്രം.

എ.ഡി.1117-ലാണ് വിഷ്ണുവര്‍ദ്ധന രാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം “കര്‍ണ്ണാട ദ്രാവിഡ” ശൈലിയിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. തന്‍റെ യുദ്ധവിജയങ്ങളുടെ സ്മരണാര്‍ത്ഥമാണ് വിഷ്ണുവര്‍ദ്ധന രാജാവ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ചാലൂക്യന്മാര്‍ക്കെതിരെയുള്ള യുദ്ധം വിജയച്ചതിന്‍റെ സ്മരണയ്ക്കായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നവരും, അല്ല, ചോളന്മാര്‍ക്കെതിരെയുള്ള യുദ്ധം വിജയച്ചിതിന്‍റെ ഓര്‍മ്മയ്ക്കായാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

വിഷ്ണുവര്‍ദ്ധന രാജാവ് ജൈനമതം ഉപേക്ഷിച്ച് അക്കാലത്ത് പ്രചുരപ്രചാരത്തിലുണ്ടായിരുന വൈഷ്ണവമതം സ്വീകരിച്ചതാണ് ക്ഷേത്രനിര്‍മ്മാണത്തിലേക്ക് വഴിതെളിച്ചതെന്ന് വിശ്വസിക്കുന്ന കൂട്ടരും ഉണ്ട്. ക്ഷേത്രത്തിലെ കൊത്തുപണികളും ശില്‍പങ്ങളും വൈഷ്ണവമതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളാലും ലിഖിതങ്ങളാലും സമ്പന്നമാണ്. ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത, ഇവിടെനിന്ന് കാലങ്ങളായി കണ്ടെടുത്തിട്ടുള്ള ശിലാലിഖിതങ്ങളില്‍ നിന്ന്‍ (ഏകദേശം 118 എണ്ണം) ക്ഷേത്രനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ശില്‍പ്പികള്‍, മറ്റു വിദഗ്ദര്‍ എന്നിവരുടെ പേരുകള്‍, ക്ഷേത്രത്തിന് രാജാവില്‍ നിന്ന്‍ ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ക്ഷേത്രത്തിന് കാലാകാലങ്ങളായി ചെയ്തിട്ടുള്ള മിനുക്കുപണികളുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാണ് എന്നുള്ളതാണ്.

ചരിതപരമായ പ്രാധാന്യം ഉള്ള സ്ഥലങ്ങളില്‍ താത്പര്യം ഉള്ളവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണ് ചെന്നകേശവ.

shortlink

Post Your Comments


Back to top button