KeralaNews

സുധീരന് പബ്ലിസിറ്റി മാനിയയെന്ന് ബിജു രമേശ്

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പബ്ലിസിറ്റി മാനിയയെന്ന് ബാറുടമ ബിജു രമേശ്. തന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് കോണ്‍ഗ്രസുകാര്‍ വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണ്. എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണ്. കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു.
അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണന്‍ പ്രകാശും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. ഇത് ജനങ്ങളില്‍ തെറ്റായ സന്ദേശം ഉണ്ടാക്കി. കുറച്ചുകൂടി ഔചിത്യബോധം കാണിക്കണമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ നിര്‍ത്തിയ വ്യക്തിയാണ് ബിജു രമേശെന്നും സുധീരന്‍ പറഞ്ഞിരുന്നു.
മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ കണ്‍വെന്‍ഷന്‍ സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button