ശ്രീനഗര്‍ ● ജമ്മു കശ്മീരിലെ പാംപോറില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചതായും അഞ്ച് ജവാന്മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സി.ആര്‍.പി.എഫ് കമാന്‍ഡന്റ് രാജേഷ് യാദവ് സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുരുതരമായി പരിക്കേറ്റ മൂന്ന് ജവാന്മാര്‍ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ശ്രീനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ പാംപോറിലെ ഫ്രെസ്റ്റ്ബല്‍ പ്രദേശത്താണ് ആക്രമണമുണ്ടായത്. വെടിവെപ്പ് പരിശീലനത്തിന് ശേഷം തിരികെ വരികയായിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാ സേനകളുടെ ബസിന് നേരെ ആക്രമണമുണ്ടാകുന്നത്. ജൂണ്‍ മൂന്നിന് ബിജ്ബെഹരയില്‍ ബി.എസ്.എഫിന്റെ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments