Kerala

അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി

കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളും കൊച്ചി നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ 200 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 100 കോടി കേന്ദ്ര സഹായവും 100 കോടി സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും വിഹിതവുമാണ്. കുടിവെള്ളവിതരണം, സ്വീവേജ്, ഡ്രെയിനേജ്, നഗരഗതാഗത വികസനം, ‘ഹരിതഇടം’ പാർക്ക് വികസനം തുടങ്ങിയഅഞ്ച് പദ്ധതികളാണ് കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്നത്.

അമൃത് പദ്ധതികളുടെ ഉദ്ഘാടനം പ്രൊഫ. കെ. വി.തോമസ്, എം.പി. നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ ഇടക്കൊച്ചി പഷ്ണിത്തോട് പാലം പുനഃനിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയും എം.ജി.റോഡ് ഫുട്പാത്ത് നവീകരണത്തിന് രണ്ട് കോടിയും ഇടക്കൊച്ചി സെന്റ്‌ജോൺ പാർക്ക് നവീകരണത്തിന് 39 ലക്ഷം രൂപയും മഴവെള്ള സംഭരണ പ്രവർത്തനങ്ങൾക്ക് 1.33 കോടി രൂപയുടെയും പദ്ധതികൾക്ക് ടെണ്ടർ നടപടികൾ പൂർത്തിയായി.

സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളിലാണ് അമൃത് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി നഗരസഭക്ക് കേന്ദ്രവിഹിതത്തിന്റെ ആദ്യഗഡുവായി 75.91 കോടി രൂപ ലഭിച്ചിട്ടുണ്ട്. അമൃത് പദ്ധതികളുടെ പൂർത്തീകരണത്തിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് പ്രൊഫ. കെ. വി.തോമസ്അഭ്യർത്ഥിച്ചു. മേയർ സൗമിനി ജെയിൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ബി.സാബു, കെ.വി.പി. കൃഷ്ണകുമാർ, മിനിമോൾ, ഗ്രേസി ജോസഫ്, ഷൈനി മാത്യു തുടങ്ങിയവരുംകൗൺസിലർമാരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button