NewsIndia

സുബ്രമണ്യന്‍ സ്വാമിയെപ്പറ്റിയുള്ള ഈ വസ്തുതകള്‍ അറിഞ്ഞാല്‍ മനസ്സിലാകും എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട നേതാവാണ്‌ അദ്ദേഹമെന്ന്‍!

സുബ്രമണ്യന്‍ സ്വാമി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും താന്‍പോരിമയുള്ള ഒരു വ്യക്തിത്വമാണ്. ഒരു പാര്‍ട്ടിയുടേയും കൂടെ നിന്നില്ലെങ്കില്‍പ്പോലും സ്വാമിയെ പിണക്കാന്‍ ആരും തയാറാകില്ല. സ്വന്തമായുള്ള വ്യക്തിമുദ്ര കൊണ്ട് എതിരാളികള്‍ വരെ ബഹുമാനിക്കുന്ന – അതേസമയം തന്നെ ഭയക്കുന്ന – രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയില്‍ സ്വാമിയുള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍ മാത്രം. 2ജി അഴിമതി പുറത്തുകൊണ്ടുവന്ന ഒറ്റക്കാര്യം മാത്രംമതി സ്വാമിയുടെ കഴിവ് എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാന്‍. സുബ്രമണ്യന്‍ സ്വാമിയെപ്പറ്റി അധികമാര്‍ക്കും അറിവില്ലാത്ത ചില അത്ഭുതപ്പെടുത്തുന്ന വസ്തുതകളാണ് ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്.

സ്വാമി ഹിന്ദുമതത്തിന്‍റെ ഒരു വലിയ പ്രയോക്താവാണെങ്കിലും അദ്ദേഹത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരാളായി – പ്രത്യേകിച്ച് മുസ്ലീം വിരുദ്ധനായി – ചിത്രീകരിക്കാന്‍ ചില ആളുകള്‍ക്ക് വലിയ താത്പര്യമാണ്. ഒരുപക്ഷെ അവര്‍ക്കറിയില്ലാത്ത ഒരു കാര്യം സ്വാമിയുടെ മകളുടെ ഭര്‍ത്താവ് തന്നെ ഒരു മുസ്ലീമാണ് എന്നതാണ്. സ്വാമിയുടെ ഇളയ മകളായ സുഹാസിനി വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ഹൈദറിന്‍റെ മകന്‍ നദീം ഹൈദറിനെയാണ്. സ്വാമി സ്വയം ഭാര്യയായി സ്വീകരിച്ചിരിക്കുന്നത് പാഴ്സി സമുദായാംഗമായ റോക്സ്നയെയാണ്. ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന സമയത്താണ് സ്വാമി റോക്സ്നയെ കണ്ടുമുട്ടിയതും, പ്രണയവിവാഹം ചെയ്തതും. മാത്രമല്ല സ്വാമിയുടെ സഹോദരന്‍റെ ഭാര്യ ക്രിസ്റ്റ്യന്‍ സമുദായാംഗവും, സഹോദരിയുടെ ഭര്‍ത്താവ് ജൂത സമുദായാംഗവുമാണ്. ഇത്രയും പറയുമ്പോള്‍ത്തന്നെ അറിയാമല്ലോ, എതിരാളികള്‍ സ്വാമിയെപ്പറ്റി എത്ര വലിയ കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന്‍.

1975-ല്‍ സ്വാമി ചൈനീസ്‌ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒരു പുസ്തകമെഴുതി. ഇതിനായി സ്വാമിയെ പ്രചോദിപ്പിച്ചത് ഒരു വെല്ലുവിളിയായിരുന്നു. ചൈനീസ്‌ ഭാഷയായ മാന്‍ഡരിന്‍ ഒരു വര്‍ഷം കൊണ്ട് പഠിക്കാമോ എന്ന് ആരോ സ്വാമിയെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത സ്വാമി വെറും മൂന്നുമാസം കൊണ്ട് മാന്‍ഡരിന്‍ പഠിച്ചു. ഇന്നും ചൈനീസ്‌ സമ്പദ്ഘടനയുടെ കാര്യത്തില്‍ ലോകത്തിലെതന്നെ ഏറ്റവും വിദഗ്ദരായവരുടെ കൂട്ടത്തിലാണ് സ്വാമിയും.

കൈലാസ് മാന്‍സരോവര്‍ തീര്‍ഥയാത്രയ്ക്കുള്ള തീര്‍ഥാടനപാത വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നതിനായി ചൈനയുമായുള്ള ബന്ധം സാധാരണ നിലയില്‍ ആകേണ്ട അവസ്ഥയായിരുന്നു 1981-ല്‍ നിലവിലുണ്ടായിരുന്നത്. ചൈനയുടെ പരമോന്നത നേതാവ് ഡെങ്ങ് സ്യാവോപിങ്ങുമായി സ്വാമി നടത്തിയ കൂടിക്കാഴ്ചകളും ഇന്‍ഡോ-ചൈന ബന്ധം സാധാരണ നിലയിലാകുന്നതിനും, തദ്വാരാ, കൈലാസ് മാന്‍സരോവര്‍ തീര്‍ഥാടനം ഇന്ത്യന്‍ വിശ്വാസികള്‍ക്കായി പുനരാരംഭിക്കുന്നതിനും സഹായിച്ചു.

അഴിമതി വീരന്മാരായ രാജാ സഹോദരങ്ങളേയും, അഴിമതിയില്‍ മുടിചൂടാ മന്നന്മാരായി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളേയും, സാമ്പത്തിക തിരിമറികള്‍ മടതിയ ഗാന്ധി കുടുംബത്തേയുമൊക്കെ സ്വാമി ഒറ്റയ്ക്ക് കേസില്‍ കുടുക്കി, കോടതിയില്‍ സ്വയം കേസ് വാദിക്കുമെങ്കിലും, എല്ലാവരും കരുതുന്നത് പോലെ സ്വാമിക്ക് നിയമത്തില്‍ ഔദ്യോഗികമായ ബിരുദങ്ങളൊന്നും ഇല്ല. സ്വാമി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് കണക്കില്‍ ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ്. കണക്കിലാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ബിരുദങ്ങള്‍ ഒക്കെയും. നിയമയുദ്ധത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രാഗത്ഭ്യം തെളിയിക്കുന്നത് എത്രമാത്രം ജീനിയസായ വ്യക്തിയാണ് സ്വാമിയെന്നാണ്.

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ പോലീസ് വേട്ടയാടിയവരുടെ കൂട്ടത്തില്‍ സ്വാമിയുമുണ്ടായിരുന്നു. പക്ഷേ, സ്വാമിയെ കുടുക്കണമെങ്കില്‍ ഇന്ദിരാഗാന്ധിയുടെ പോലീസ് പോരായിരുന്നു താനും. വേഷപ്രച്ഛന്നനായാണ് സ്വാമി അക്കാലത്ത് പോലീസിനെ കബളിപ്പിച്ചത്. കൂട്ടത്തില്‍, ഒരു സര്‍ദാര്‍ജിയുടെ വേഷത്തില്‍ സ്വാമി ഒരു പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വരെ സംബന്ധിച്ചു. പല വേഷങ്ങളില്‍ നടന്നിരുന്ന സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ ഇന്ദിരാഗാന്ധിയുടെ പോലീസിന് കഴിഞ്ഞതേയില്ല.

ഇങ്ങനെ നോക്കുമ്പോള്‍ സുബ്രമണ്യന്‍ സ്വാമി എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍റെ വിശേഷങ്ങള്‍ അനവധിയാണ്. പലതും അറിഞ്ഞു കഴിയുമ്പോള്‍ മാത്രമേ, ജനങ്ങളുടെ ഇടയില്‍ എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട രാഷ്ട്രീയനേതാവാന്‍ അദ്ദേഹം എന്നകാര്യം മനസ്സിലാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button