തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ മോഹന്‍ലാല്‍ എഴുതിയ തുറന്ന കത്തിന് തിരുത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി പിണറായി വിജയന് മോഹന്‍ലാല്‍ അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളതാണെന്നും എന്നാല്‍ അതേ പോലെ തന്നെ പരിഗണന നല്‍കേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുള്‍പ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകളെന്ന് കുമ്മനം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം ഉന്നയിച്ചത്.
പത്തും പതിനഞ്ചും വർഷങ്ങളായി സ്വന്തം വീട്ടിൽ വരാൻ പറ്റാത്തവർ, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാർക്കേണ്ടി വന്നവർ, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവർ,ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികൾ, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെൺകുട്ടികൾ,അങ്ങിനെ എത്രയെത്ര ജീവിതങ്ങൾ.മറ്റൊരു ആശയത്തിൽ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാർക്സിസ്റ് പാർട്ടി അവർക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കുന്നത്.ഇത്തരം ആക്രമണങ്ങൾ ദളിതർക്കുനേരെയും വ്യാപകമാണ്.അറുപതുകളിൽ തുടങ്ങിയ ഈ പ്രാകൃതമായ രീതികൾ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവൻ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹൻലാലിന്റെ പിണറായി വിജയനുള്ള കത്തിൽ ഈ ഒരു വിഷയം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നില്ലേ എന്നും കുമ്മനം ചോദിച്ചു.
Post Your Comments