ജിതിന്‍ മോഹന്‍ദാസ്
ബദൽവൈദ്യമായ ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങളും അപകടങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നവർക്കെതിരെ “അനുഭവ തെളിവുകളുടെ” വാളോങ്ങി “ഹോമിയോ വിശ്വാസികൾ”ഒറ്റക്കെട്ടായി അണി നിരക്കുന്നത് സ്ഥിരം കാഴ്ചയാണല്ലോ! ശാസ്ത്രീയമായ തെളിവുകൾ തരാൻ പരാജയപ്പെടുമ്പോൾ, ന്യായവൈകല്യങ്ങളുടെ അണക്കെട്ട് പൊട്ടിക്കുന്ന ഇത്തരക്കാർ അവസാനത്തെ അടവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – “നിങ്ങൾ എന്തിനാണ് ഹോമിയോപ്പതിയെ ഇങ്ങനെ എതിർക്കുന്നത്?”
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ഹോമിയോ വിരുദ്ധ പ്രചരണത്തിൽ മനം നൊന്ത് “ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പാത്ത്സ് കേരള” ഒരു കേസ് ഫയൽ ചെയ്തതായി അറിയുകയുണ്ടായി. അങ്ങനെയിരിക്കെ, ഹോമിയോപ്പതി എന്ന കപടചികിത്സയെ എതിർക്കേണ്ടതെന്തിന് എന്ന് വിശദമാക്കേണ്ടത് ആവശ്യമാണല്ലോ :
● ഹോമിയോ എന്ന അന്ധവിശ്വാസം!
സാമുവൽ ഹാനിമാന്റെ മനോവിഭ്രാന്തി ആണ് ഹോമിയോപ്പതി എന്ന “വിശ്വാസചികിത്സ”. ഒട്ടനവധി അന്ധവിശ്വാസങ്ങളുടെ ഒരു സൂപ്പർമാർക്കറ്റ് തന്നെ ആണ് ഈ കപടവൈദ്യം എന്ന് അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ വായിച്ചാൽ ബോധ്യം ആകും. “സമം സമേന ശാന്തി” എന്ന അടിസ്ഥാന സിദ്ധാന്തം തന്നെ സാമാന്യ ബുദ്ധിയെ കണ്ണ് തള്ളിക്കുന്നതാണ്! രോഗം ഭൗതികമായ പ്രതിഭാസം അല്ലെന്ന് വിശ്വസിച്ചിരുന്ന ഹാനിമാൻ പതോളജിക്കൽ അനാട്ടമിയെ പാടെ തള്ളി കളഞ്ഞു. അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന “ജീവ ശക്തി”(വൈറ്റൽ ഫോഴ്സ്) സിദ്ധാന്തത്തിൽ ഹാനിമാൻ വിശ്വസിച്ചിരുന്നു. മരുന്ന് പ്രവർത്തിക്കുന്നത് ഭൗതികമായി അല്ലെന്നും, അതിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ‘സ്പിരിച്വൽ’ ശക്തി ആണ് രോഗം ഭേദം ആക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം (ഉറങ്ങികിടക്കുന്ന “ഹീലിംഗ് ശക്തിയെ” പുറത്ത് കൊണ്ടുവരാനാണത്രെ ‘കുലുക്കലും നേർപ്പിക്കലും’). പൊട്ടൻന്റൈസേഷൻ (Potentization ) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഹോമിയോപ്പതിയിലെ “നേർപ്പിക്കൽ” (Homeopathic Dilution) തികച്ചും അസംബന്ധം ആണ് – നേർപ്പിക്കുന്തോറും പൊട്ടൻസി കൂടുന്ന ഹോമിയോ മരുന്നിൽ “ആവോഗാഡ്രോ ലിമിറ്റ്” (Avogadro Limit) പിന്നിട്ടാൽ മരുന്നിന്റെ ഒരു തന്മാത്ര പോലും കാണില്ല എന്ന് ശാസ്ത്രം വിശദീകരിക്കുന്നു! തന്മാത്ര അവശേഷിക്കുന്നില്ലെങ്കിൽ പോലും ജലം അതിലുണ്ടായിരുന്ന മരുന്നിനെ ‘ഓർത്ത്’ വെച്ച് മരുന്നായി പ്രവർത്തിക്കുന്നു എന്ന് ആരോപിക്കുന്ന “വാട്ടർ മെമ്മറി” സിദ്ധാന്തം അതിലും വലിയ കോമഡി ആണ്. മരുന്നിൽ ഒരു “പ്രഭാവലയം” (aura) ഉണ്ടെന്ന് പോലും ഹാനിമാൻ വിശ്വസിച്ചിരുന്നു എന്നത് എത്ര അപഹാസ്യം ആണ്! ഇതിനൊക്കെ പുറമെ, അന്ന് നിലവിൽ ഉണ്ടായിരുന്ന “മെസ്മെറൈസേഷൻ” എന്ന തട്ടിപ്പ് പോലും ഹാനിമാൻ കൊണ്ടുനടന്നിരുന്നു എന്ന് എത്രപേർക്കറിയാം!
● ഭരണഘടന ഇനിയും തിരുത്തിയിട്ടില്ല!
അന്ധവിശ്വാസങ്ങളെ എതിർക്കാനും ശാസ്ത്രീയ മനോവൃത്തി പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന ഓരോ പൗരനോടും ആവശ്യപ്പെടുന്നു. ആർട്ടിക്കിൾ 51 A (h) പ്രകാരം “ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റേയും കടമയാണ്”.അതുകൊണ്ട് തന്നെ, ഹോയോപ്പതിയുടെ അശാസ്ത്രീയത വെളിച്ചത്ത് കൊണ്ടുവരുന്നതും അതിനെതിരെ ബോധവൽക്കരണം നടത്തുന്നതും ഭരണഘടനാപരമായ കടമ തന്നെ ആണ് – അത് തന്നെ ആണ് ചെയ്യുന്നതും!
● ഹോമിയോപ്പതി അപകടകാരി തന്നെ
“പാർശ്വഫലങ്ങൾ” ഇല്ലാത്ത ( ഫലം ഉണ്ടെങ്കിൽ അല്ലെ!) ഹോമിയോപ്പതി ചികിത്സ അപകടകാരി തന്നെ ആണ്. തെറ്റായ രോഗനിർണ്ണയം കൊണ്ടും ഫലം ഇല്ലാത്ത മരുന്ന് കൊണ്ടും രോഗിക്ക് മരണം വരെ സംഭവിച്ചേക്കാം! ഹോമിയോ മരുന്ന് കഴിച്ച് രോഗം മൂർച്ഛിക്കുന്ന മിക്ക കേസുകളും മോഡേൺ മെഡിസിനിൽ അഭയം പ്രാപിച്ച് രക്ഷപ്പെടുകയാണ് പതിവ് എന്ന സത്യം പലപ്പോഴും നിശബ്ദം ആണ്. ഇനി രോഗി മരിച്ചാലോ, പഴി മോഡേൺ മെഡിസിന്റെ ചുമലിൽ! “ഹോമിയോ പാണന്മാരെ” പോലെ ഇവരും തങ്ങളുടെ അനുഭവങ്ങൾ പറയാൻ തുടങ്ങിയാൽ ഹോമിയോ കച്ചവടം പൂട്ടേണ്ടി വരും!
● സർക്കാർ ചിലവിൽ കപടവൈദ്യം!
ഏറ്റവും വലിയ ഹോമിയോ ശൃംഖല ഇന്ത്യയിൽ ആണെന്ന് എത്രപേർക്കറിയാം! മറ്റ് പല രാജ്യങ്ങളിലും ഹോമിയോ മരുന്നുകൾക്ക് കർശന നിയന്ത്രണങ്ങളും നിരോധനവും ഉണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ ഹോമിയോ തഴച്ച് വളരുന്നു. ഇതിൽ അത്ര അമ്പരക്കാൻ ഒന്നും ഇല്ല – ഫെയ്ത്ത് ഹീലിംഗും മന്ത്രവാദവും ഊതിയ വെള്ളവും ചാണക ചികിത്സയും ആൾദൈവങ്ങളും ഒക്കെ സുലഭം ആയ ഇന്ത്യയിൽ, ഹോമിയോ തളിരിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളു!
മാറി വരുന്ന സർക്കാരുകൾ ബദൽവൈദ്യം പ്രോത്സാഹിപ്പിക്കാൻ മത്സരിക്കുകയാണ്. ‘AYUSH’ എന്ന പേരിൽ ബദൽ വൈദ്യത്തിനായി സർക്കാർ വൻ തുക ചിലവാക്കുന്നുണ്ട് (വലിയ വലിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടത്രേ!). ഇത്തരം അന്ധവിശ്വാസങ്ങൾ ജനങ്ങളുടെ ചിലവിൽ നടപ്പിലാക്കുക എന്നത് എത്ര നിർഭാഗ്യകരം ആണ്.
● സ്വപ്നം തകർക്കുന്ന കപടവൈദ്യം!
കേവലം ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ, ജീവിതകാലം മുഴുവൻ ഇത്തരം വ്യാജചികിത്സ നടത്തി ജീവിക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ അവസ്ഥ പരിതാപകരം തന്നെയാണ്! മിടുക്കന്മാർ ആയ എത്രയോ വിദ്യാർത്ഥികളാണ് ഈ വ്യാജ ചികിത്സ പഠിച്ച്, അറിഞ്ഞോ അറിയാതെയോ ജനങ്ങളെ വഞ്ചിക്കുന്നത്! ഇന്ത്യയുടെ യശസ്സുയർത്തേണ്ടവർ നാളെ കപടവൈദ്യന്മാരായി ജീവിതം ഹോമിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ ഹോമിയോപ്പതി എതിർക്കപ്പെടുക തന്നെ വേണം.
ലക്ഷണമൊത്ത ഒരു കപടവൈദ്യം ആണ് ഹോമിയോപ്പതി. അടിസ്ഥാന ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് പോലും എതിര് നിൽക്കുന്ന “ഹോമിയോ ടെക്നിക്കുകൾ” സാമാന്യ ബോധത്തെ പോലും കൊഞ്ഞനം കുത്തുന്നവ ആണ്! ഇത് വരെ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ സമർത്ഥിക്കാൻ ഇല്ലാത്ത ഹോമിയോചികിത്സാ രീതി എതിർക്കപ്പെടേണ്ടത് ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷമാണ്!
Post Your Comments