ദുബായ് ● കമ്പനി വിസ റദ്ദാക്കിയതിന് പ്രതികാരമായി ഇന്ത്യക്കാരനായ ക്ലര്‍ക്ക് തൊഴിലുടമയുടെ വീടിന് തീവച്ചു. 26 കാരനായ യുവാവാണ് റാസ് അല്‍ ഖോറിലെ മൂന്ന് ബ്ലോക്കുകളിലായുള്ള കെട്ടിടങ്ങള്‍ക്ക് തീയിട്ടത്. കേസിന്റെ വിചാരണ ദുബായ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി.
ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പ്രതികാരമായി താന്‍ തൊഴിലുടമയുടെ വീടിന് തീവച്ചതായി യുവാവ് മൊറോക്കോക്കാരനായ റൂംമേറ്റിനോട് പറഞ്ഞിരുന്നു. സംഭവ ദിവസം രാവിലെ 6.15നാണ് പ്രതി മൊറോക്കന്‍ സുഹൃത്തിനോട് വീടിന് തീയിട്ട കാര്യം പറഞ്ഞത്. അന്ന് രാത്രി ഇയാള്‍ മുറിയിലെത്തിയിരുന്നില്ലെന്ന് സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് യുവാവ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊഴി കേസിന്റെ വിചാരണയില്‍ നിര്‍ണായകമാകും.
ഇയാളുടെ മുഖത്ത് പുകയും കരിയുടേയും സാന്നിധ്യം ഉണ്ടായിരുന്നതായും ഇടതുകൈയില്‍ പോറല്‍ ഉണ്ടായിരുന്നതായും നന്നായി മദ്യപിച്ചിരുന്നതായും മൊറോക്കന്‍ യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടിലുണ്ടായ അഗ്‌നിബാധയ്ക്ക് സാങ്കേതിക കാരണങ്ങള്‍ ഇല്ലെന്ന് ടെക്ക്‌നിക്കല്‍ ടീം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംശയം പ്രതിയിലേയ്ക്ക് നീണ്ടത്. ആഗസ്റ്റ് 14 നാണ് കേസില്‍ കോടതി വിധി പറയുന്നത്.
Post Your Comments