കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ അജ്ഞാത സംഘം വെണ്‍മണി സ്വദേശി തറയില്‍ ടി.കെ. സാജനെ കൈയ്യും കാലും കെട്ടി റോഡില്‍ ഉപേക്ഷിച്ചതായി പരാതി. റോഡില്‍ ബന്ധനസ്ഥനായ നിലയില്‍ രാത്രി നാട്ടുകാര്‍ കണ്ടത്. യൂണിഫോം ധരിച്ച ആയുധധാരികളാണ് തന്നെ കെട്ടിയിട്ടതെന്ന സാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാത്രി ഏഴരയ്ക്ക് സാജന്‍ അയല്‍വാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ വഴിയില്‍വച്ച് രണ്ടുപേരെ കണ്ടുമുട്ടി. ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്നും എന്തെങ്കിലും കഴിക്കാന്‍ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളാണെന്ന സംശയത്തില്‍ സാജന്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
ഉടന്‍തന്നെ വഴിയരികില്‍നിന്ന് നാലുപേര്‍ എത്തുകയും തന്റെ കൈകാലുകള്‍ കൂട്ടികെട്ടിയെന്നും സാജന്‍ പറയുന്നു. അതിനുശേഷം സംഘം ഇരുട്ടില്‍ മറയുകയായിരുന്നു. യൂണിഫോം ധരിച്ച ആറംഗസംഘത്തിന്റെ കൈവശം തോക്കുകളുണ്ടായിരുന്നുവെന്നും പൊലീസിന് സാജന്‍ മൊഴി നല്‍കിയിട്ടുണ്ട്.
നാട്ടുകാരെത്തിയാണ് സാജന്റെ കെട്ടുകളഴിച്ചത്. സംഭവമറിഞ്ഞ് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. മാവോയിസ്റ്റുകളാണോ സംഭവത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments