ന്യൂഡല്‍ഹി: ചൈനയ്ക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ള ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്.സി.ഒ) ഇന്ത്യ അംഗമാകുന്നു. ജൂണ്‍ 23-24 തീയതികളില്‍ ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കന്‍റില്‍ നടക്കുന്ന എസ്.സി.ഒ-യുടെ സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യ ഈ കൂട്ടായ്മയില്‍ അംഗമാകുന്നത്. പാകിസ്ഥാനും ഇന്ത്യയോടൊപ്പം പ്രസ്തുത കൂട്ടായ്മയില്‍ അംഗത്വം ലഭിക്കുന്നുണ്ട്. എസ്.സി.ഒ-യുടെ താഷ്ക്കന്‍റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ നാറ്റോയ്ക്കുള്ള ഏഷ്യന്‍ ബദലായാണ് എസ്.സി.ഒ-യെ പരിഗണിക്കുന്നത്. ഈ കൂട്ടായ്മയില്‍ അംഗത്വം ലഭിക്കുന്നതോടെ സുരക്ഷ, പ്രതിരോധം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ ഇന്ത്യയ്ക്ക് സാധിക്കും. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ അഭിപ്രായത്തിന് പ്രാധാന്യമേറും.
എസ്.സി.ഒ-യില്‍ അംഗമാകുന്നതോടെ മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ സുപ്രധാനമായ എണ്ണ-പാചകവാതക ഖനനത്തിനുള്ള അനുമതികളും ഇന്ത്യയ്ക്ക് ലഭിക്കും. എസ്.സി.ഒ സമ്മേളനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിംഗുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ആണവദാതാക്കളുടെ ക്ലബ്ബില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനെതിരെ ശക്തമായി രംഗത്തുള്ള ചൈനയുടെ എതിര്‍പ്പ് ഇല്ലാതാക്കാനും, അംഗത്വത്തിന് ചൈനീസ് പിന്തുണ ഉറപ്പാക്കാനുമുള്ള ശ്രമങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടാകും.
നിലവില്‍ ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവരാണ് എസ്.സി.ഒ-യിലെ അംഗങ്ങള്‍.
Post Your Comments