ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ശതാബ്ദി ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ യു.എസ്.എയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ അര്‍ജന്റീനയും പോരാടും. ഫിഫ റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീനയെ വെല്ലുവിളിക്കാന്‍ തന്നെയാണ് 32-ാം സ്ഥാനത്തുള്ള യു.എസ്.എ ഇറങ്ങുന്നത്. അതിന് അവര്‍ക്ക് പ്രചോദനം പകരുന്നത് സ്വന്തം ആരാധകരുടെ വന്‍ പിന്തുണ. എത്ര പിന്തുണയുണ്ടെങ്കിലും നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ആക്രമണനിരയുള്ള അര്‍ജന്റീനയെ തടഞ്ഞുനിര്‍ത്താന്‍ യെര്‍ഗന്‍ ക്ളിന്‍സ്മന്റെ യു.എസ്.എക്ക് എത്രമാത്രം കഴിയുമെന്ന് കാണേണ്ടിയിരിക്കുന്നു. നീണ്ട 23 വര്‍ഷമായി കിരീട വരള്‍ച്ച നേരിടുന്ന അര്‍ജന്റീന ഫൈനലിലെത്തി കിരീടം നേടുകയാണെങ്കില്‍ ലോകോത്തര താരം ലയണല്‍ മെസിയുടെ കിരീടത്തില്‍ അതൊരു പൊന്‍തൂവലാകും.
ക്ളബ് ഫുട്ബോളില്‍ കിരീടങ്ങള്‍ വാരിക്കൂട്ടിയ മെസിക്ക് അര്‍ജന്റീന കുപ്പായത്തില്‍ ഒരു കിരീടമെന്നത് അദ്ദേഹത്തോടുള്ള നീതിയാണ്. 2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക ഫൈനലുകളില്‍ തോറ്റ അര്‍ജന്റീനയുടെ ഈ ടീം എന്തുകൊണ്ടും കിരീടത്തിന് അര്‍ഹരാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അര്‍ജന്റീന തങ്ങളുടെ ആക്രമണനിരയുടെ കരുത്ത് തെളിയിച്ചുകൊണ്ടാണ് അവസാന നാലിലെത്തിയത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന സെമി വരെയെത്തിയത്.
Post Your Comments