Kerala

ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സഹാനുഭൂതി ഉള്ളവരാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം ● സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എപ്പോഴും ജനങ്ങളോട് സഹാനുഭൂതി ഉള്ളവരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നും സിവില്‍സര്‍വീസ് നേടിയ 24 വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ തിരുവനന്തപുരം റസിഡന്‍സി ടവറില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടവരാണ് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവരോട് സഹാനുഭൂതിയോടെ പെരുമാറണം. ഉന്നതരോട് ഭവ്യതയും പാവപ്പെട്ടവരോട് പ്രത്യേകരീതിയും പാടില്ല. സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ സേവിക്കാന്‍ തയ്യാറാകണം. ജീവിക്കാന്‍ ഗതിയില്ലാതെ വിവിധ സാഹചര്യങ്ങളിലുള്ള പ്രശ്‌നങ്ങളുമായി മുന്നില്‍വരുന്നവരോട് സഹാനുഭൂതി ഉണ്ടാകണം. തെറ്റിനോട് വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശനടപടിയെടുക്കുന്നതാകും സര്‍വ്വീസിലെ വിജയം. സിവില്‍ സര്‍വീസ് അക്കാഡമിക്ക് എല്ലാവിധ സര്‍ക്കാര്‍ സഹായവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. നല്ല മനുഷ്യരെ വാര്‍ത്തെടുക്കുകയാണ് സിവില്‍ സര്‍വീസിന്റെ ഉദ്ദേശലക്ഷ്യം. വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹത്തില്‍ നല്ല മനുഷ്യരെ രൂപപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിച്ച് കേരളത്തിന്റെ യശസ് വീണ്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ. ഡി ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിപി ലോക്‌നാഥ് ബഹ്‌റ, കെ മോഹന്‍ദാസ്, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സിസിഇകെ ഡയറക്ടര്‍ ഡോ. ജി എസ് ഗിരീഷ്‌കുമാര്‍, ഫാക്കല്‍റ്റി കെ കെ ഫിലിപ്പ്, പി എം രാജീവ് എന്നിവര്‍ സംസാരിച്ചു.

shortlink

Post Your Comments


Back to top button