തിരുവനന്തപുരം : ബി.ജെ.പിക്ക് പിന്നാലെ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായിആചരിക്കാന്‍ സിപിഐഎമ്മും. ആയിരക്കണക്കിന് പേരെ അണിനിരത്തി കൊല്ലത്ത് നടത്തുന്ന മതേതര യോഗാ പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
ബി.ജെ.പിയുടെ കടന്നുകയറ്റം എല്ലാ രീതിയിലും പ്രതിരോധിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഗണേശോത്സവം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര യോഗാ ദിനത്തിലും വിപുലമായ പരിപാടി പാര്‍ട്ടി സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ കൊല്ലത്ത് ആയിരം പേര്‍ പങ്കെടുക്കുന്ന മതേതര യോഗയാണ് പ്രധാന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാഥിതിയും ഉദ്ഘാടകനും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനനേതാക്കളെ അണിനിരത്തും. കഴിഞ്ഞ അന്താരാഷ്ട്രയോഗാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മുന്‍നിര നേതാക്കളെയെല്ലാം ഇറക്കി വിപുലമായ രിതീയിലാണ് ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത്.
കൊല്ലത്ത് വൈകീട്ട് നാലരയ്ക്കാണ് സി.പി.എമ്മിന്റെ യോഗാപ്രദര്‍ശനം. പാര്‍ട്ടി നിയന്ത്രണത്തിലുളള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ അക്കാദമിയാണ് പരിപാടിയുടെ സംഘാടകര്‍. സംസ്ഥാനത്ത് ബിജെപിയും യോഗാദിനം വിപുലമായി ആഘോഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Post Your Comments