രണ്ടാമത് അന്താരാഷ്‌ട്ര യോഗാദിനത്തിന്‍റെ ഭാഗമായി ലോകം മുഴുവന്‍ യോഗ എന്ന മഹത്തായ ക്രിയയെ ഹൃദയത്തിലേറ്റി ആഘോഷിക്കുമ്പോഴും ഇന്ത്യയില്‍ രാഷ്ട്രീയ വേര്‍തിരിവുകള്‍ സൃഷ്ടിച്ച അസഹിഷ്ണുത മൂലം പ്രതിപക്ഷ കക്ഷികള്‍ ആഘോഷങ്ങളില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണ്. ഇതുകൊണ്ടുള്ള നഷ്ടം ഇവര്‍ക്കു മാത്രമാണെന്ന് തിരിച്ചറിയുക പോലും ചെയ്യാതെയാണ് ഈ മാറിനില്‍പ്പ്. യോഗയുടെ പ്രാധാന്യം എത്രയെന്ന് മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള, ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും, യോഗ എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് നോക്കിയാല്‍ മതിയാകും.
ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫുട്ബോള്‍ ലോകത്ത് അധീശത്വത്തോടെ, ലോകം കീഴടക്കി മുന്നേറുന്ന ജര്‍മ്മന്‍ ദേശീയ ടീം യോഗയ്ക്ക് നല്‍കുന്ന പ്രാധാന്യം. പരിശീലനത്തോടൊപ്പം ജര്‍മ്മന്‍ ടീം എല്ലാ ദിവസവും മുടങ്ങാതെ യോഗയും അഭ്യസിക്കുന്നുണ്ട്. ലോകഫുട്ബോളില്‍ 2-3 വര്‍ഷങ്ങളായി തുടരുന്ന ജര്‍മ്മന്‍ പടയോട്ടത്തിന്‍റെ പിന്നിലെ ഒരു രഹസ്യായുധം മുടങ്ങാതെയുള്ള ഈ യോഗ പരിശീലനമാണെന്നുള്ളത് ജര്‍മ്മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കാത്തുസൂക്ഷിക്കുന്ന, എന്നാല്‍ ഇപ്പോള്‍ ലോകംമുഴുവന്‍ അറിയാവുന്ന, ഒരു വസ്തുതയാണ്. ടീമിന്‍റെ മെഡിക്കല്‍ സംഘത്തിന്‍റെ ഭാഗമായി സ്ഥിരം യോഗാ പരിശീലകന്‍ ജര്‍മ്മനിക്കുണ്ട്. പാട്രിക്ക് ബ്രൂമെ എന്ന അമേരിക്കക്കാരനാണ് തോമസ് മുള്ളറും, മാരിയോ ഗോട്സേയും, മെസൂട്ട് ഓസിലും ഒക്കെ ഉള്‍പ്പെട്ട ജര്‍മ്മന്‍ ടീമിന്‍റെ യോഗഗുരു.
ഇന്ത്യയിലെ ഋഷികേശ്, വാരണാസി എന്നിവിടങ്ങളില്‍ വന്ന് താമസിച്ച് യോഗ അഭ്യസിച്ചയാളാണ് പാട്രിക്ക് ബ്രൂമെ. യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ ജര്‍മ്മന്‍ കോച്ചായിരുന്ന കാലത്താണ് ജര്‍മ്മന്‍ ടീം യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്. യോഗ നിത്യവും പരിശീലിച്ചിരുന്ന മുന്‍ സ്ട്രൈക്കര്‍ ഒലിവര്‍ ബീറോഫാണ് ബ്രൂമെയെ ക്ലിന്‍സ്മാന് പരിചയപ്പെടുത്തിയത്. ക്ലിന്‍സ്മാന് ശേഷം ജര്‍മ്മന്‍ കോച്ചായ ജോക്വിം ലോ ബ്രൂമെയെ സ്ഥിരം യോഗ പരിശീലകനാക്കി നിയമിച്ചു.
ദിവസവും 45-മിനിറ്റാണ് ജര്‍മ്മന്‍ ടീം യോഗ അഭ്യസിക്കുന്നത്. ഫുട്ബോളും യോഗയും ഒരുമിച്ചു കൊണ്ടുപോകേണ്ട കാര്യങ്ങളാണെന്ന് ബ്രൂമെ അഭിപ്രായപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആയ ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയെ കീഴടക്കി 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ ലോകചാമ്പ്യന്മാരാകാന്‍ ജര്‍മ്മനിയെ സഹായിച്ച ഘടകങ്ങളില്‍ യോഗയ്ക്കും മുഖ്യപങ്കുണ്ട്. ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍ നേടിയ മാരിയോ ഗോട്സെ തന്നയാണ് ടീമിലെ ഏറ്റവും വലിയ യോഗ ആരാധകന്‍.
Post Your Comments