മഹ്ബൂബ് നഗര്‍: ആന്ധ്രാപ്രദേശിലെ അച്ചംപേട്ട മണ്ഡലില്‍ ഉള്‍പ്പെട്ട ഗുണ്ടപ്പള്ളി ഗ്രാമത്തില്‍ ഈ വര്‍ഷം ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച “ദി റെവ്നന്‍റ്” എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതു പോലുള്ള കരടിയാക്രമണത്തില്‍ ഒരു കര്‍ഷകന്‍റെ ജീവന്‍ പൊലിഞ്ഞു. തന്‍റെ പാടത്തേക്ക് പോയ കര്‍ഷകനെയാണ് കരടി ആക്രമിച്ചു കൊലപ്പെടുത്തിയത്.
ടോക്യാ നായിക് എന്ന കര്‍ഷകനാണ് തിങ്കളാഴ്ച രാവിലെ തന്‍റെ വിളകള്‍ പരിശോധിക്കാനായി പാടത്തേക്ക് പോയപ്പോള്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കരടിശല്യം കാരണം പ്രദേശത്തെ കര്‍ഷകര്‍ തയാറാക്കി വച്ചിരുന്ന ഒരു വലയില്‍ കുടുങ്ങിയ കരടിയാണ് ടോക്യയെ ആക്രമിച്ചത്.
വലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന കരടി ടോക്യയെ കണ്ടപ്പോള്‍ പൊടുന്നനെ ചാടിവീഴുകയും ആക്രമിക്കുകയുമായിരുന്നു. ടോക്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം കരടി മൃതദേഹത്തിന് സമീപം കിടന്ന് ഉറക്കവും പിടിച്ചു.
മറ്റു കര്‍ഷകര്‍ വന്നപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെടുകയും വനപാലകരെ വിവരമറിയിക്കുകയും ആയിരുന്നു. കരടിയെ ജീവനോടെ തന്നെ പിടിക്കാന്‍ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിലെ വിദഗ്ദരുടെ സഹായം തേടുകയും ചെയ്തു വനപാലകര്‍. ഇതനുസരിച്ച് സ്ഥലത്തെത്തിയ വിദഗ്ദസംഘം മയക്കുവെടി വച്ച് മയക്കിയ ശേഷം കരടിയെ കൂട്ടിലാക്കി. കരടിയെ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
Post Your Comments