രഘുറാം രാജന്റെ പിൻഗാമിയായി ആറുപേർ സർക്കാരിന്റെ പരിഗണനയിലെന്ന് സൂചന; ആറു പ്രഗത്ഭരാണ് നരേന്ദ്ര മോദിയുടെ ഷോർട്ട് ലിസ്റ്റിലുള്ളത് . രഘുറാം രാജനേക്കാൾ എന്തുകൊണ്ടും യോഗ്യതയും കഴിവുമുള്ളവരാവും പുതിയ ആർബിഐ ഗവർണർ എന്നു പറയാൻ സർക്കാരിന്റെ തലപ്പത്തുള്ളവർ ധൈര്യം കാണിക്കുന്നതും ആ ഷോർട്ട് ലിസ്റ്റ് കണ്ടിട്ടാണ്.
ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ ഉർജിത് പട്ടേൽ ആണ് അതിലൊരാൾ. രഘുറാം രാജനുമൊത്തു പ്രവർത്തിച്ച അനുഭവവും അതിനൊപ്പം റിസർവ് ബാങ്കിലെ പരിചയവും അദ്ദേഹത്തിനു അനുകൂല ഘടകങ്ങളായി പലരും വിലയിരുത്തുന്നു. മറ്റൊരാൾ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ബാങ്കിങ് വിദഗ്ദ്ധനാണ് ; കെ വി കമ്മത്ത് . ബ്രിക്സ് ബാങ്കിന്റെ ചെയര്മാനാണ് കമ്മത്ത് ഇപ്പോൾ. ഐസിഐസിഐ ബാങ്കിന്റെ ചെയര്മാന് എന്നനിലയിൽ വലിയ പേരെടുത്ത അദ്ദേഹം ആ രംഗത്തു വലിയ മാറ്റങ്ങൾ കൊണ്ടുവന്നവരിൽ പ്രമുഖനാണ്. അതു കണക്കിലെടുത്താണ് അദ്ദേഹത്തെ ബ്രിക്സ് ബാങ്കിങ് അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ നിർദ്ദേശിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധ്യക്ഷ ( ചെയർപേഴ്സൺ) അരുന്ധതി ഭട്ടാചാര്യ ആണ് മൂന്നാമത്തെയാൾ. എസ്ബിഐയെ നയിച്ചതിലൂടെ ഇന്ത്യൻ ബാങ്കിങ് മേഖലയിലെ എല്ലാ പ്രശ്നങ്ങളും ഘടകങ്ങളും നന്നായി മനസിലാക്കിയ വ്യക്തിത്വമാണ് അരുന്ധതി. ലോകത്തിലെ ഏറ്റവുമധികം സ്വാധീനമുള്ള 30 സ്ത്രീകളിൽ ഒരാളായി ഫോർബ്‌സ് മാസിക 2015-ൽ തിരഞ്ഞെടുത്തതും അവരെയാണ്. ഇന്നവർ ഫോബ്‌സിന്റെ കണക്കനുസരിച്ചു അഞ്ചു സ്ഥാനം മുകളിലാണ്; 25-ആമത് . കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ബജറ്റ് വിഭാഗം ജോയിന്റ് സെക്രെട്ടറിയായ ശക്തികാന്ത ദാസ് ആണ് മറ്റൊരാൾ. മോദി ടീമിലെ ഒരാൾ എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്. കേന്ദ്ര സർക്കാരിന്റെ ചീഫ് എക്കണോമിക് അഡ്വൈസറായ അരവിന്ദ് സുബ്രമണ്യവും പരിഗണനയിലുണ്ട്. മോദി സർക്കാർ അധികാരമേറ്റശേഷം നിയമിതനായ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ പേരുകേട്ട സാമ്പത്തിക വിദഗ്ദ്ധനാണ് . നീതി ആയോഗിന്റെ തലവൻ ഡോ. അരവിന്ദ് പാന്‍ഗാരിയ ആണ് മറ്റൊരാൾ. അദ്ദേഹവും ഈ മേഖലയിൽ നല്ല പരിജ്ഞാനവും ഇന്ത്യയുടെ സ്ഥിതി മനസിലാക്കി പെരുമാറാൻ ആഗ്രഹിക്കുന്ന ആളുമാണ്. ലോക ബാങ്ക്, എഡിബി, ഐഎംഎഫ് എന്നിവയിലെ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.
റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തുടരില്ല എന്നത് ഇന്നലെയാണ് തീർച്ചയായത്. സെപ്റ്റംബർ മാസത്തിലാണ് അദ്ദേഹത്തിന്റെ കാലാവധി തീരുക. അതിനകം പുതിയയാളെ തീരുമാനിച്ചാൽ മതി. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി രഘുറാം രാജന്റെ തുടർച്ചയെക്കുറിച്ചു മാധ്യമങ്ങൾ ചർച്ച നടത്തുകയാണ്; എന്തൊക്കെയോ അപകടം വരാൻ പോകുന്നു എന്ന മട്ടിൽ. മുൻ സർക്കാരിന്റെ
(യുപിഎയുടെ) കാലത്താണ് രഘുറാം രാജന്റെ വരവ്. തുടർന്നുവന്ന നരേന്ദ്ര മോദി സർക്കാർ അദ്ദേഹത്തെ നീക്കാൻ തയ്യാറായില്ല; മറിച്ചു തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. വേണമായിരുന്നെങ്കിൽ അന്നുതന്നെ മറ്റൊരാളെ റിസർവ് ബാങ്ക് ഗവർണറായി മോദി സർക്കാരിന് നിയമിക്കാമായിരുന്നു. രഘുറാം രാജൻ ഒഴിയുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വലിയ പ്രതിസന്ധിയുണ്ടാക്കും എന്നും മറ്റും കോൺഗ്രസ്, ഇടതു പക്ഷ അനുകൂല വ്യവസായികളും ചില രാഷ്ട്രീയക്കാരും പ്രസ്താവനകൾ നടത്തുന്നുമുണ്ട്. എന്നാൽ അതൊക്കെ ഓരോരുത്തരുടെ ആഗ്രഹവും ചിന്തയും മാത്രമാണ്. എന്താണ് ഇക്കാര്യത്തിൽ വേണ്ടതെന്നു സർക്കാർ നേരത്തെതന്നെ ചിന്തിച്ചുറച്ചിരുന്നു എന്നതാണ് മനസിലാകുന്നത്.
കാലാവധി തീരുന്നതോടെ സ്ഥാനം ഒഴിയുമെന്നു പറയാനും മാന്യമായി ഇറങ്ങിപ്പോകാനും മോദി സർക്കാർ രഘുറാം രാജന് അവസരം കൊടുക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. “ഇനിയും തുടരാനില്ല” എന്ന അദ്ദേഹത്തിന്റെ പരസ്യ നിലപാടിനെ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റിലി സ്വാഗതം ചെയ്തിട്ടുമുണ്ട്. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ പ്രകീർത്തിക്കുകയും അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഡോ. സുബ്രമണ്യൻ സ്വാമി രഘുറാം രാജനെതിരെ ഉന്നയിച്ച ചില ആക്ഷേപങ്ങളും ഈ സമയത്തു കാണാതെ പോകാനാവില്ല. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വിഷയങ്ങൾ കണ്ടു പെരുമാറാൻ ഇന്നത്തെ ഗവർണർക്കാവുന്നില്ല എന്നതായിരുന്നു സ്വാമിയുടെ ആക്ഷേപം. അതുതന്നെ മറ്റു പലരും ഉന്നയിച്ചതാണ്. ഈ വേളയിൽ അതൊക്കെ സർക്കാർ കണക്കിലെടുത്തു എന്നുവ്യക്തം. സ്വാഭാവികമായും ഇനി മറ്റൊരാൾ വരും. ഈ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കനുസരിച്ചു റിസർവ് ബാങ്കിനെ നയിക്കാൻ തക്കവണ്ണം ഒരാളെ കണ്ടെത്തുകയാവും സർക്കാർ ചെയ്യുക. അതൊക്കെ ഇന്നത്തെ ഷോർട് ലിസ്റ്റിങ്ങിൽ നിന്നു വ്യക്തമാവുന്നുണ്ട്.
ഇടക്ക് ചിലപ്പോഴെല്ലാം സർക്കാർ നയങ്ങളെയും ചില നടപടികളെയും പരസ്യമായി രഘുറാം രാജൻ ആക്ഷേപിച്ചു സംസാരിച്ചത് നമ്മുടെയൊക്കെ മുന്നിലുണ്ട്. റിസർവ് ബാങ്കിന് കൂടുതൽ അധികാരം, സ്വയം ഭരണം തുടങ്ങിയ വാദങ്ങളൊക്കെ അദ്ദേഹം ഉയർത്തിയതും ഇക്കാലത്താണ്. മൻമോഹൻ സിങിന്റെ കാലത്തൊന്നും അതൊന്നുമദ്ദേഹം പറഞ്ഞിരുന്നില്ല എന്നതും ഓർക്കാൻ ഇപ്പോൾ പലരും നിർബന്ധിതമാവുന്നുണ്ട് . എന്തായാലും ഗുഡ് ബൈ രഘുറാം രാജൻ, അമേരിക്കയിൽ നിന്നുവന്ന അദ്ദേഹത്തെ പഴയ ലാവണം അവിടെ കാത്തിരിക്കുന്നുണ്ട് എന്നു കരുതാം. മൻമോഹൻ സിങ്ങിന് പോലും ഒരു തവണ മാത്രമാണ് റിസേർവ് ബാങ്ക് അധ്യക്ഷസ്ഥാനം ലഭിച്ചത്. അതിലേറെ ഒക്കെ രഘുറാം രാജന് നൽകണമെന്ന കോൺഗ്രസ് നേതാക്കളുടെ താല്പര്യത്തെ സർക്കാർ എങ്ങിനെയാണ് കണ്ടതെന്നതും ഇതിൽനിന്നെല്ലാം വ്യക്തമാണല്ലോ.
Post Your Comments