ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ വിദേശ നയത്തിലെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കൊപ്പം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ അപേക്ഷിച്ചാല്‍ പൊലീസ് വെരിഫിക്കേഷന്റെ പേരിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും.
നിലവില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ട പൊലീസ് വെരിഫിക്കേഷന്റെ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. പ്രധാന നഗരങ്ങളില്‍ പൊലീസ് വെരിഫിക്കേഷനു വേണ്ടി 10 മുതല്‍ 15 ദിവസം വരെ സമയമെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരങ്ങള്‍ക്ക് വെളിയിലാണെങ്കില്‍ ഇതിന് 20 മുതല്‍ 30 വരെ ദിവസം വരെ സമയമെടുക്കും. മാത്രവുമല്ല പൊലീസ് വെരിഫിക്കേഷന് ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചു വാങ്ങുന്നതായും പരാതിയുണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള അപേക്ഷയും രേഖകളുടെ സമര്‍പ്പണവും ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും പൊലീസ് വെരിഫിക്കേഷന്‍ ഇപ്പോഴും പഴയ രീതിയില്‍ തന്നെയാണ് നടക്കുന്നത്.
ഓരോ സ്‌റ്റേഷനിലെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പൊലീസ് വെരിഫിക്കേഷന്റെ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കിയത് വിജയകരമായിരുന്നു. ഇതോടെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള സമയം 10 ദിവസമായി ചുരുക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments