തൊടുപുഴ: പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റ് ഇ.എസ് ബിജി മോള്‍ എം.എല്‍.എയ്ക്ക് ബി.പി കൂടി. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ബിജിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിയിലെ പ്രമുഖന്‍ ശ്രമം നടത്തിയെന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ ആരോപണമാണ് വിമര്‍ശനത്തിന് ഹേതുവായത്. ഇതേ തുടര്‍ന്ന് വികാരഭരിതമായ രംഗങ്ങളാണ് ജില്ലാകമ്മിറ്റിയില്‍ നടന്നത്. ഇന്നലെ നടന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വികാരഭരിതയാകുകയായിരുന്നു ബിജമോള്‍. തൊടുപുഴ റെസ്റ്റ്ഹൗസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവും ഇന്ന് ജില്ലാ കൗണ്‍സിലും ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു യോഗം. തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയില്‍നിന്നുള്ള നേതാവ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം പുറത്തു പറഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച് ബിജിമോളോട് വിശദീകരണം തേടാന്‍ സി.പി.ഐ തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ നടന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ ജില്ലാ നേതാക്കള്‍ ബിജിമോള്‍ക്കെതിരേ ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഒരാളെ ബിജിമോളുടെ കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവവുമുണ്ടായി. ഇതും ചര്‍ച്ചയ്ക്ക് എടുത്തിരുന്നു. രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ബിജിമോള്‍ വികാരഭരിതയായി. പാര്‍ട്ടി നേതൃത്വത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. പാര്‍ട്ടിയെ അറിയിക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ എം.എല്‍.എ. ഖേദപ്രകടനം നടത്തുകയും വിശദീകരണക്കുറിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് എം.എല്‍.എ. ശാരീരിക ക്ഷീണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനുശേഷം മടങ്ങിയെത്തുകയും ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിനു പാര്‍ട്ടി തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരം യാത്രയ്ക്കിടെ ബിജിമോളുടെ വാഹനം അപകടത്തില്‍പ്പെട്ടത് വിവാദമായിരുന്നു. ഇതെത്തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങള്‍ മൂലമാണ് ബിജിമോള്‍ ആശുപത്രിയില്‍ ചികിത്സതേടിയതെന്നാണ് നേതാക്കളുടെ വാദം.
Post Your Comments