തിരുവനന്തപുരം : അനധികൃത നിയമനം നേടിയ ദിവസ വേതനക്കാരെ പിരിച്ചു വിടുന്നു. തിങ്കളാഴ്ച മുതല്‍ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നടപടി തുടങ്ങും. അയ്യായിരത്തിലധികം പേര്‍ക്കു തൊഴില്‍ നഷ്ടമാകും. ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യും.അധികമുള്ള ജീവനക്കാരെ ആയിരിക്കും ആദ്യം പിരിച്ചു വിടുന്നത്.സ്ഥിരമായി നിയമിച്ചിട്ടില്ലാത്ത തസ്തികയിലെ താല്‍ക്കാലിക ജീവനക്കാരെ തല്ക്കാലം നിലനിര്‍ത്താനാണ് തീരുമാനം.എന്നാല്‍, ഒരു ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ജീവനക്കാരെ മാത്രമേ നിലനിര്‍ത്തൂ.
പിരിച്ചുവിടുന്ന സ്ഥാനങ്ങളിലേക്കു മറ്റു വകുപ്പുകളിലുള്ള അധിക ജീവനക്കാരെ താത്കാലികമായി വിന്യസിക്കും. ഡെപ്യൂട്ടേഷനുകള്‍ റദ്ദാക്കും. ഇന്നലെ തന്നെ വകുപ്പു മേധാവികള്‍ക്കും സ്ഥാപനങ്ങളുടെ തലന്മാര്‍ക്കും നിര്‍ദേശം നല്കി. താത്കാലിക ജീവനക്കാരെ ദിവസന വേതന അടിസ്ഥാനത്തില്‍ നിയമിക്കുമ്പോള്‍ സാധാരണ എംപ്ലോയബിലിറ്റി സെന്റര്‍ (എംപ്ലോയ്മെന്റ് എക്സ്ചെഞ്ച്) വഴിയാണ് ചെയ്യേണ്ടത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വകുപ്പു മേധാവികള്‍ നേരിട്ടായിരുന്നു നിയമനം.ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത നിയമനം നേടിയവരെ പിരിച്ചു വിടാന്‍ നിര്‍ദേശിച്ചത്.
പിഎസ്സി നിയമനം നടത്തുന്നതു വരെ ജീവനക്കാരെ ആവശ്യമാണെങ്കില്‍ ചട്ട പ്രകാരം എംപ്ലോയ്ബിലിറ്റി സെന്റര്‍ വഴി അഭിമുഖം നടത്തി നിയമിക്കുന്നതിനും നിര്‍ദേശമുണ്ട്.സര്‍ക്കാരിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരുടെ കണക്കുകള്‍ ശേഖരിച്ചിരുന്നു. ധന വകുപ്പും നടപടിക്കു നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിയമനം നേടിയവരില്‍ വികലാംഗര്‍, വിധവകള്‍, കുടുംബത്തില്‍ ആര്‍ക്കും മറ്റു വരുമാനമില്ലാത്തവര്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ എന്നിവരെ പിരിച്ചുവിടില്ല. കാലാവധി പൂര്‍ത്തിയാകുന്നതു വരെ തുടരാന്‍ അനുവദിക്കും.
സാധാരണ ഗതിയില്‍ 179 ദിവസത്തേക്കാണു നിയമനം. അതേ തസ്തികയില്‍ സ്ഥിരം നിയമനങ്ങള്‍ നടക്കുന്നതുവരെ കാലാവധി നീട്ടി നല്‍കുകയും ചെയ്യാറുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ദിവസന വേതനക്കാര്‍ക്കുള്ള വേതനം സ്ഥിരം ജീവനക്കാരുടേതിനു സമാനമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഈ തീരുമാനം. ഇതുവഴി സംസ്ഥാന സര്‍ക്കാരിനു പ്രതിവര്‍ഷം 135 കോടിയുടെ അധിക ബാധ്യതയാണുണ്ടായത്.
Post Your Comments