ന്യൂഡല്‍ഹി: രാജ്യത്തെ കല്‍പിത സര്‍വകലാശാലകള്‍ക്ക് (ഡീംഡ് യൂണിവേഴ്‌സിറ്റി) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയം. പുതിയ കല്‍പിത സര്‍വകലാശാല ചട്ടങ്ങള്‍ യു.ജി.സി പ്രഖ്യാപിച്ച് മാസം തികയും മുമ്പാണ് കേന്ദ്രം ഇടപെട്ട് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത്. ഇനിമേല്‍ സര്‍വകലാശാലകള്‍ക്ക് തുറക്കാവുന്ന ഓഫ് കാമ്പസ് സെന്ററുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാവില്ല. നിലവിലിത് ആറായി നിജപ്പെടുത്തിയിരുന്നു.
നിശ്ചിത നിയമങ്ങളും നിലവാരവും പാലിച്ച് എത്രവേണമെങ്കിലും സെന്ററുകള്‍ ആരംഭിക്കാം. വിദേശത്തും സെന്ററുകള്‍ തുറക്കാം. എന്നാല്‍, അതിനായി മാനവശേഷി വികസന മന്ത്രാലയത്തിനു പുറമെ കേന്ദ്ര അഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ അനുമതിയും നേടണമെന്നുമാത്രം. സര്‍വകലാശാല മുഖ്യകേന്ദ്രത്തിന്റെ നിലവാരവും സൗകര്യവും ഓഫ് കാമ്പസുകളിലും വേണം. ആദ്യ രണ്ട് ഓഫ് കാമ്പസുകള്‍ നാക് പരിശോധനയില്‍ ഉന്നത ഗ്രേഡ് നേടിയാല്‍ മാത്രമേ സര്‍വകലാശാല വിപുലീകരണത്തിനു അനുമതി നല്‍കൂ. അനുമതി തേടിയുള്ള നിരവധി സര്‍വകലാശാലകളുടെ അപേക്ഷകള്‍ പരിഗണന കാത്ത് കിടക്കുകയാണെന്നും ഈ അപേക്ഷകളില്‍ ഏഴുമാസത്തിനകം യു.ജി.സി തീരുമാനമെടുക്കുമെന്നും മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
അംഗീകാര പ്രക്രിയ സുതാര്യമാക്കുന്നതിന് കാമ്പസുകളിലെ സന്ദര്‍ശനവും പരിശോധനയും 24 മണിക്കൂറിനകം യു.ജി.സി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. കൗണ്‍സലിങ് സമയത്തുതന്നെ വിദ്യാര്‍ഥികളില്‍നിന്ന് മുഴുവന്‍ ഫീസും വാങ്ങുന്ന നടപടി അനുവദിക്കില്ല. കൗണ്‍സിലിങ് സമയത്ത് 10,000 രൂപയില്‍ കൂടുതല്‍ വാങ്ങരുതെന്നും അഡ്മിഷനുശേഷം മാത്രം ട്യൂഷന്‍ ഫീസ് ഈടാക്കാനാവൂ എന്നും പുതിയ വ്യവസ്ഥയുണ്ട്.
Post Your Comments