NewsIndia

മരിച്ചെന്നു കരുതിയ സൈനികന്‍ ഏഴുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തി : സിനിമയെ വെല്ലുന്ന കഥ

ഡെറാഡൂണ്‍ : ഒരപകടത്തില്‍ ഓര്‍മ നഷ്ടപ്പെടുക, മറ്റൊരു അപകടത്തില്‍ ഓര്‍മ തിരിച്ചുകിട്ടുക. കേള്‍ക്കുമ്പോള്‍ സിനിമാകഥപോലെ തോന്നാം. എന്നാല്‍ സിനിമയല്ലിത്. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മ വീണ്ടുകിട്ടി സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തിയ സൈനികന്റെ കഥയാണിത്. ധരംവീര്‍ സിങ് എന്ന സൈനികന്റെ ജീവിതത്തിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

2009ല്‍ ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിലാണ് ധരംവീറിന്റെ ഓര്‍മ നഷ്ടമായത്. സൈനികവാഹനത്തിന്റെ ഡ്രൈവറായിരുന്ന ധരംവീര്‍ മറ്റു രണ്ടു സൈനികര്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ചശേഷം വാഹനം മറിയുകയായിരുന്നു. അപകടത്തിനുപിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും ആരുടെയും മൃതദേഹം കണ്ടെത്തനായില്ല.
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റുരണ്ടു സൈനികര്‍ സൈനിക ക്യാംപില്‍ തിരിച്ചെത്തി. പക്ഷേ അപ്പോഴും ധരംവീര്‍ തിരിച്ചെത്തിയില്ല.

ഏറെനാള്‍ അന്വേഷിച്ചിട്ടും ധരംവീറിനെ കണ്ടെത്താനായില്ല. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൈന്യം അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചു. കുടുംബത്തിന് പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം അര്‍ധരാത്രിയില്‍ വീടിന്റെ കതകില്‍ ആരോ മുട്ടുന്നതായി കേട്ടു. കതക് തുറന്നു നോക്കിയ ധരംവീറിന്റെ പിതാവ് കുറച്ചുനേരത്തേക്ക് സ്തബ്ധനായി. മുന്നില്‍ മരിച്ചുവെന്നു കരുതിയ തന്റെ മകന്‍. സ്വബോധം വീണ്ടെടുത്ത അദ്ദേഹം തന്റെ മകനെ ആലിംഗനം ചെയ്തു.
അപകടത്തിനുശേഷമുണ്ടായ നാളുകളെക്കുറിച്ച് ധരംവീര്‍ പറയുന്നത്: ഹരിദ്വാറിലെത്തിയ ഞാന്‍ ഒരു തെരുവില്‍ ഭിക്ഷയെടുക്കുകായിരുന്നു. കഴിഞ്ഞ ആഴ്ച ഭിക്ഷാടനത്തിനിടെ ഒരു ബൈക്ക് വന്നിടിച്ചു. ബൈക്ക് യാത്രക്കാരന്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് എനിക്ക് ഓര്‍മ തിരിച്ചുകിട്ടിയത്. യാത്രക്കാരന്‍ എനിക്ക് 500 രൂപ തന്നു. ഹരിദ്വാറില്‍നിന്നും ഡല്‍ഹിക്ക് ടിക്കറ്റെടുത്തു. അവിടെനിന്നും ഇവിടെയെത്തി, ധരംവീര്‍ പറഞ്ഞുനിര്‍ത്തി.

ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് ധരംവീറിന്റെ കുടുംബം. ഒരാള്‍ 12ാം ക്ലാസിലും മറ്റേയാള്‍ പത്തിലും പഠിക്കുന്നു. മരിച്ചുവെന്നു കരുതിയ പിതാവിന്റെ മടങ്ങിവരവില്‍ ഒന്നടങ്കം സന്തുഷ്ടരാണ് ഈ കുടുംബം.

shortlink

Post Your Comments


Back to top button