ജയ്പ്പൂര്‍: തഹസീല്‍ദാരെ തട്ടിക്കൊണ്ടു പോയി മൂന്നു സ്ത്രീകള്‍ അടങ്ങുന്ന സംഘം തടങ്കലില്‍ പാര്‍പ്പിച്ചതായി പൊലീസ്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ തഹസീല്‍ദാരെ പീഡനക്കേസില്‍ കുടുക്കുമെന്നും സ്ത്രീകള്‍ ഭീഷണിപ്പെടുത്തി. 62 വയസ്സുകാരനായ റിട്ട. തഹസില്‍ദാര്‍ മനോഹര്‍ ലാലിനാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവങ്ങളെ അതിജീവിക്കേണ്ടി വന്നത്. മൂന്നു സ്ത്രീകള്‍ മാത്രമടങ്ങുന്ന സംഘം ലാലിനെ തട്ടിക്കൊണ്ടു പോയി, മോചനത്തുക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് പണമെത്തിച്ചില്ലെങ്കില്‍, ലാലിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കുമെന്നായിരുന്നു സ്ത്രീകളുടെ ഭീഷണി .
തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളുടെ പോലീസിന്റെ ഭാഷ്യം: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ സ്വദേശിയായ മനോഹര്‍ ലാല്‍, 2 വര്‍ഷം മുമ്ബ് തഹസില്‍ദാര്‍ തസ്തികയില്‍ നിന്നു വിരമിച്ച വ്യക്തിയാണ്. ഭാദ്രയിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 32 വയസ്സുകാരിയായ സുമനെ ലാലിന് പരിചയമുണ്ടായിരുന്നു. ചുരുവില്‍ ലാലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സുമന്‍ ലാലിനെ ഫോണില്‍ വിളിച്ചു നേരിട്ടു കാണണമെന്നു ആവശ്യപ്പെട്ടു. പ്രതിമാസം നല്ലൊരു തുക വാടകയിനത്തില്‍ ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പിടുന്നതിനും വേണ്ടി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തണമെന്നും സുമന്‍ പറഞ്ഞു. അങ്ങനെയാണ് മനോഹര്‍ ലാല്‍ അവിടെയെത്തുന്നത്.
സുമനെ കൂടാതെ മറ്റ് രണ്ടു സ്ത്രീകള്‍ കൂടി അവിടെ ഉണ്ടായിരുന്നു. ഷീലാദേവി, സുലോചന ദേവി എന്നാണ് അവര്‍ സ്വയം പരിചയപ്പെടുത്തിയത്. മനോഹര്‍ ലാലിനെ നിര്‍ബന്ധപൂര്‍വ്വം അവര്‍ ഒരു കാറില്‍ കയറ്റി അജ്ഞാതമായ പ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ തങ്ങളായിരിക്കും ഒച്ച വച്ചു ആളെ കൂട്ടുന്നത് എന്നായിരുന്നു ഈ സ്ത്രീകളുടെ ഭീക്ഷണി. കൂടാതെ തങ്ങളെ ലൈംഗികമായി ലാല്‍ ആക്രമിക്കുവാന്‍ ശ്രമിച്ചു എന്നും പരാതിപ്പെടും. ലാലിനെ |മോചിപ്പിക്കുന്നതിനായി ഇവര്‍ 2.5 ലക്ഷം രൂപയുടെ ആവശ്യവും മുന്നോട്ടു വച്ചു. വീട്ടുകാര്‍ ഈ വിവരം പോലീസിനെ അറിയിക്കുകയും, പോലീസിന്റെ നിര്‍ദ്ദേശപ്രകാരം 2.5 ലക്ഷം രൂപ സ്ത്രീകള്‍ക്ക് കൈമാറുകയും ചെയ്തു. തുക കൈപറ്റി, ലാലിനെ മോചിപ്പിച്ചു മടങ്ങും വഴി പോലീസ് മൂവരെയും കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി. മൂവരും സമാനമായ രീതിയില്‍ മുമ്പും പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാനഹാനി ഭയന്നു ആരും പരാതിപ്പെടാന്‍ തയ്യാറാകില്ല. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പോലീസ് അറിയിച്ചു.
Post Your Comments