പത്തനംതിട്ട: നിയമനം പി.എസ്.സിക്ക് വിട്ടതോടെ ദേവസ്വം ബോര്‍ഡുകളില്‍ സവര്‍ണ മേല്‍ക്കോയ്മ അവസാനിക്കുന്നു. ശാന്തി തസ്തികയില്‍ കൂടി സംവരണം വന്നാല്‍ ബ്രാഹ്മണ മേധാവിത്വത്തിനും അന്ത്യമാകും. പ്രധാന കര്‍മമായ പൂജാവിധികളില്‍ 99 ശതമാനവും നിര്‍വഹിച്ചിരുന്നത് ബ്രാഹ്മണരാണ്. അതിനാല്‍ ശാന്തി തസ്തികയില്‍ കൂടി സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.
ജന്മംകൊണ്ട് ആരും ബ്രാഹ്മണനാകുന്നില്ലെന്നും ബ്രാഹ്മണ്യം കര്‍മത്തില്‍ അധിഷ്ഠിതമാണെന്നുമുള്ള വേദവചനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ശാന്തി തസ്തികയിലും സംവരണം നടപ്പാക്കണമെന്ന് പൂജാവിധികള്‍ പഠിച്ച ഇതര സമുദായക്കാര്‍ വാദിക്കുന്നത്. ഇതു പ്രാവര്‍ത്തികമായാല്‍ ഹിന്ദു സമുദായത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് ഹൈന്ദവ സംഘടനകളുടെ കണക്കുകൂട്ടല്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഇതുവരെ സംവരണം പാലിച്ചിരുന്നില്ല.
സംസ്ഥാനത്ത് നിലവിലുള്ള അഞ്ചു ദേവസ്വം ബോര്‍ഡുകളിലും ജോലിചെയ്യുന്ന 80 ശതമാനത്തിലധികം പേരും സവര്‍ണ സമുദായത്തില്‍പ്പെട്ടവരാണ്. കഴകം അടക്കമുള്ള ചില ജോലികളും പരമ്പരാഗതമായി ചില സമുദായങ്ങള്‍തന്നെ നടത്തിവരുന്നു. ഇത്തരം സമുദായങ്ങള്‍ക്കുള്ള കുത്തക തകര്‍ക്കുന്ന തീരുമാനമാണ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിലൂടെ സംഭവിക്കുന്നത്.
2007ല്‍ ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍ ദേവസ്വം നിയമം ഭേദഗതി ചെയ്ത് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിരുന്നു. എങ്കിലും നിയമനം പ്രവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച സ്‌പെഷല്‍ റൂള്‍ തയാറാക്കാന്‍ കാലതാമസം വന്നതോടെയാണ് അന്ന് നിയമനത്തിനു തടസമായത്. പിന്നീട് സ്‌പെഷല്‍ റൂള്‍ തയാറായപ്പോഴേക്കും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ദേവസ്വം തസ്തികകള്‍ ഓരോന്നിനും കൃത്യമായ യോഗ്യതാ വ്യവസ്ഥകള്‍, നിയമനം ഹിന്ദുക്കള്‍ക്ക് മാത്രം തുടങ്ങിയവ എല്ലാം നിഷ്‌കര്‍ഷിക്കുന്നതായിരുന്നു സ്‌പെഷല്‍ റൂള്‍. 2010ല്‍ സ്‌പെഷല്‍ റൂളിന് പി.എസ്.സി അംഗീകാരവും ലഭിച്ചു. അതിനാല്‍ ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി കാലതാമസം കൂടാതെ നടപ്പാക്കാനാകും എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്നത് എളുപ്പമാകില്ലെന്ന വാദവും ശക്തമാണ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. അതിനാല്‍ പിരിച്ചുവിടുന്നതിന് മുമ്പ് ഇക്കാര്യം ഹൈക്കൊടതിയെ ബോധ്യപ്പെടുത്തണം. 2007ല്‍ ദേവസ്വം ബോര്‍ഡ് അഴിമതിയെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ബോര്‍ഡ് രൂപീകരിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1200 ക്ഷേത്രങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1600 ക്ഷേത്രങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ 400 ക്ഷേത്രങ്ങളും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാനേജിങ് കമ്മിറ്റിയുടെ കീഴില്‍ പത്ത് ക്ഷേത്രങ്ങളുമാണുള്ളത്. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരു ക്ഷേത്രം മാത്രമാണുള്ളത്.
സാധാരണ പി.എസ്.സി നിയമനങ്ങളില്‍ പിന്നാക്ക ഹിന്ദുക്കള്‍ക്ക് പുറമെ മുസ്ലിം, ലത്തീന്‍ കത്തോലിക്ക തുടങ്ങി ഇതര സമുദായങ്ങള്‍ക്ക് 17 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. 2011ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാരാണ് പി.എസ്.സിക്കു പകരം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുന്നതും നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്നതും ശക്തമായി എതിര്‍ത്തിരുന്നത് എന്‍.എസ്.എസ്. ആണ്. ദേവസ്വം ബോര്‍ഡില്‍ സംവരണം നടപ്പാക്കണമെന്ന് എസ്.എന്‍.ഡി.പി അടക്കം പിന്നാക്ക സമുദായ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2007ല്‍ ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ട സര്‍ക്കാര്‍ തീരുമാനത്തെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രണ്ടാം ക്ഷേത്ര പ്രവേശ വിളംബരം എന്നാണ് വിശേഷിപ്പിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിച്ചപ്പോള്‍ നിയമനങ്ങളില്‍ സംവരണത്തിന് വ്യവസ്ഥ വേണമെന്ന് എസ്.എന്‍.ഡി.പി ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിച്ചതും നിയമന വ്യവസ്ഥകളില്‍ നിന്നും സംവരണം ഒഴിവാക്കിയതുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ചേര്‍ന്ന് വിശാല ഹിന്ദു ഐക്യം രൂപപ്പെട്ടതോടെ സംവരണ ആവശ്യത്തില്‍നിന്ന് അന്ന് എസ്.എന്‍.ഡി.പി പിന്തിരിഞ്ഞിരുന്നു
Post Your Comments