കൊല്ലം: മന്ത്രിസ്ഥാനം നേടാന്‍ പലരും ആര്‍ത്തി കാണിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കേരള ഇലക്‌സ്ട്രിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജെ.ചിത്തരഞ്ജന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം വളരെ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കപ്പെടേണ്ട ജോലിയാണ്. ഒരുപാടു പ്രലോഭനങ്ങള്‍ ഉണ്ടാകും. അതിനെ അതിജീവിക്കാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇടതുമുന്നണിക്കു ഭരണം ലഭിച്ചപ്പോള്‍ തന്നെ പല ഭാഗത്തുനിന്നും നേതാക്കള്‍ക്കു മുന്നിലേക്ക് ഒട്ടേറെ ശുപാര്‍ശകളും പ്രലോഭനങ്ങളും വരുന്നു.
മുന്‍കാലങ്ങളിലേതുപോലെ പൊതുപ്രവര്‍ത്തകര്‍ വെല്ലുവിളികള്‍ നേരിടുന്നില്ല. പെട്ടെന്നു വളര്‍ന്ന് അവര്‍ക്കു ഓരോ സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുന്നു. അഴിമതി ഒഴിവാക്കേണ്ടതല്ല, അനിവാര്യമാണ് എന്നു ചിന്തിക്കുന്ന കാലമാണ് ഇപ്പോള്‍. ഒരാള്‍ ഏതെങ്കിലും സ്ഥാനത്ത് എത്തിയാല്‍ അന്നുമുതല്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ സമയം ലഭിക്കുന്നില്ല. നേതാവായാല്‍ കാര്‍ നിര്‍ബന്ധമായിരിക്കുന്നു. കാര്‍ ഉപയോഗിക്കുന്നതിനെ താന്‍ കുറ്റമായി കാണുന്നില്ല. കാര്‍ നിര്‍ബന്ധമാണെന്ന് വരുമ്പോഴാണ് പ്രശ്‌നം. ഇത്തരം ശൈലി കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല.
കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 500 മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കണം. അതിന് ഏത് മാര്‍ഗവും ഉപയോഗിക്കാനാവില്ല. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇവിടെ ഗുരുതരമാണ്. അതിനെ തകര്‍ത്തുകൊണ്ടുള്ള പദ്ധതികള്‍ ആവശ്യമില്ല. മുന്നണിയുടെ സുഗമമായ യാത്രയ്ക്കുള്ള പാതയാണ് പ്രകടന പത്രിക. അതിനെ വിസ്മരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പന്ന്യന്‍ പറഞ്ഞു.
Post Your Comments