ഫ്‌ളോറിഡ: യു.എസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന്‍ സംശയരോഗിയും അക്രമ സ്വഭാവമുള്ള മാനസിക രോഗിയുമാണെന്ന് മുന്‍ ഭാര്യ. ‘അക്രമ സ്വഭാവമുള്ള മാനസികരോഗി’ എന്നായിരുന്നു ഒമര്‍ 50 പേരെ കൂട്ടക്കൊല ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്ന ശേഷം അവര്‍ പ്രതികരിച്ചത്.
എട്ടു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതിന് തുടര്‍ന്നായിരുന്നു ഒമറിന്റെയും സിറ്റോര യൂസിഫി വിവാഹം. ഒമറിന്റെ മാതാപിതാക്കള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയവരാണ്. ന്യൂയോര്‍ക്കിലായിരുന്നു ഒമറിന്റെ ജനനം. ഇവരുടെ കുടുംബം പിന്നീട് ഫ്‌ളോറിഡയിലേക്ക് മാറി. വിവാഹത്തിന് ശേഷം ആദ്യമൊക്കെ സാധാരണഗതിയിലായിരുന്ന ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത്. ഒമര്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും വസ്ത്രം അലക്കിയില്ല എന്ന കാരണം പറഞ്ഞ് പോലും തല്ലുമായിരുന്നെന്നും സിറ്റോര പറയുന്നു. 2009 ല്‍ വിവാഹം കഴിച്ച ശേഷം ഫ്‌ളോറിഡയില്‍ മാറ്റീന്റെ കുടുംബ വീട്ടിലായിരുന്നു ഇവരുടെ താമസം.
പതിവായി ജിമ്മില്‍ പോയിരുന്ന ഒമര്‍ ഒരു കടുത്ത മതവിശ്വാസിയൊന്നുമല്ലായിരുന്നു എന്നാണ് സിറ്റോര പറയുന്നത്. ഒരുമിച്ചു കഴിഞ്ഞ് ഒരിക്കല്‍ പോലും കടുത്ത ഇസ്‌ലാമികത കാട്ടിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ഒരു ചെറിയ തോക്ക് സ്വന്തമായി ഉണ്ടായിരുന്നു. തന്നെ മര്‍ദ്ദിക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഇടപെടുമായിരുന്നു എന്നും അവര്‍ പറഞ്ഞു. വഴക്ക് നിരന്തരമായതോടെ മാതാപിതാക്കള്‍ എത്തിയാണ് സിറ്റോരയെ രക്ഷപ്പെടുത്തിയത്. 2011 ല്‍ ഇവര്‍ തമ്മിലുള്ള വിവാഹമോചനം കോടതി അംഗീകരിച്ചു. പിന്നീട് ഒമര്‍ പല തവണ പുന:സമാഗമത്തിന് ശ്രമിച്ചെങ്കിലും അവര്‍ തയാറായിരുന്നില്ല. മൈ സ്‌പേസില്‍ ഇട്ടിരുന്ന സെല്‍ഫികളില്‍ നിന്നും മുന്‍ ഭാര്യ തന്നെയാണ് ഇയാളെ തിരിച്ചറിഞ്ഞിരിക്കുന്നത്.
മതവുമായി ബന്ധപ്പെട്ട് മകന്‍ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് ഒമറിന്റെ പിതാവ് സിദ്ദിഖി മാറ്റീനും പറയുന്നത്. ഒരിക്കല്‍ മിയാമിയില്‍ വെച്ച് രണ്ടു പുരുഷന്മാര്‍ ചുംബിക്കുന്നത് കണ്ട് അസ്വസ്ഥതപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏവരേയുമെന്ന പോലെ മകന്റെ പ്രവര്‍ത്തിയില്‍ തങ്ങളും ഞെട്ടിയിരിക്കുകയാണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും മകന്റെ പ്രവര്‍ത്തിയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള അറിവ് ഇല്ലായിരുന്നെന്നും പിതാവ് പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടത് മാറ്റീനാണെന്ന് ഔദ്യോഗികമായി എഫ്.ബി.ഐ പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്. വീഡിയോ കാണാം..
Leave a Comment