നെല്ലിയാമ്പതി: പാലാക്കാട് നിന്നും 60-കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് നെല്ലിയാമ്പതി. തേയിലത്തോട്ടങ്ങളാലും കാപ്പിത്തോട്ടങ്ങളാലും ചുറ്റപ്പെട്ട ഈ സ്ഥലത്തിന്‍റെ മനോഹാരിത അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. നെല്ലിയാമ്പതിയുടെ പ്രവേശനകവാടം തന്നെ 19-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പോത്തുണ്ടി അണക്കെട്ടാണ്. നെല്ലിയാമ്പതിക്ക് 8-കിലോമീറ്റര്‍ മാത്രം അകലെ സീതാര്‍ഗുണ്ട് എന്ന പേരില്‍ ഒരു വ്യൂപോയിന്‍റ് ഉണ്ട്. വനവാസകാലത്ത് രാമലക്ഷ്മണന്മാര്‍ സീതയോടൊപ്പം വിശ്രമിച്ച സ്ഥലമാണ് സീതാര്‍ഗുണ്ട് എന്നാണ് ഐതിഹ്യം. കേശവം പാറ എന്ന മറ്റൊരു വ്യൂപോയിന്‍റും ഇവിടെയുണ്ട്. കൊച്ചിയില്‍ നിന്നുള്ള അകലം 150-കിലോമീറ്റര്‍.
ചെറായി ബീച്ച്: വൈപ്പിന്‍ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറന്‍ അതിരാണ് ചെറായി ബീച്ച്. നയനാനന്ദകരമായ ലഗൂണുകള്‍ നിറഞ്ഞതാണ് ചെറായിയിലേക്കുള്ള വഴി. ഓര്‍ഗാനിക് മാര്‍ഗ്ഗം ഉപയോഗിക്കുന്ന മീന്‍-കൊഞ്ച് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ചെറായിയിലേക്കുള്ള വഴിയില്‍ അനവധിയാണ്. സഞ്ചാരികള്‍ക്ക് പല തരത്തിലുള്ള മത്സ്യങ്ങള്‍ നേരിട്ട് വാങ്ങാം എന്നുള്ളതാണ് ഈ യാത്രയുടെ സവിശേഷത. ഉന്മേഷദായകമായ തെങ്ങിന്‍തോപ്പുകളും പാടശേഖരങ്ങളും കൂടി നിറഞ്ഞതാണ് ഈ പ്രദേശം. കൊച്ചിയില്‍ നിന്ന്‍ 35-കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നതും ചെറായിയുടെ മറ്റൊരു ആകര്‍ഷണമാണ്.
തിരുവല്ലം: കിള്ളിയാറും കരമനയാറും ഒത്തുചേരുന്ന അതിമാനോരമായ കായല്‍ത്തടമാണ് തിരുവല്ലം. കനോയിംഗ് പോലുള്ള സാഹസിക ജലവിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണ് തിരുവല്ലം. കൊച്ചിയില്‍ നിന്ന്‍ 206-കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്നു.
കുറുവാ ദ്വീപുകള്‍: വയനാടിലെ പേരുകേട്ട പട്ടണമായ മാനന്തവാടിക്ക് 17-കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സഞ്ചാരസ്ഥാനമാണ് കുറുവാ ദ്വീപുകള്‍. കബനി നദിയില്‍ വെള്ളത്തിലടിഞ്ഞു കൂടിയ ഡെല്‍റ്റ മൂലം രൂപപ്പെട്ട സുന്ദര സ്ഥാനമാണ് ഇത്. ഉഷ്ണമേഖലാ ഹരിതവനങ്ങളുടെ ഭാഗമാണ് കുറുവാ ദ്വീപുകളും. പ്രകൃതിസ്നേഹികളുടെ ഒരു പറുദീസ എന്നുതന്നെ കുറുവാ ദ്വീപുകളെപ്പറ്റി പറയാം. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മൃഗ-സസ്യ ജാലങ്ങളും കുറുവാ ദ്വീപുകളിലെ പ്രത്യേകതയാണ്. 282-കിലോമീറ്ററാണ് കൊച്ചിയില്‍ നിന്നുള്ള ദൂരം.
മുഴുപ്പിലങ്ങാടി ബീച്ച് ഡ്രൈവ്: കേരളത്തിലെ (ഒരു പക്ഷേ ഇന്ത്യയിലെയും) ഏക ഡ്രൈവ്-ഇന്‍ ബീച്ചാണ് മുഴുപ്പിലങ്ങാടി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ്-ഇന്‍ ബീച്ചാണ് ഇത്. കണ്ണൂര്‍ ടൗണില്‍നിന്ന്‍ 15-കിലോമീറ്റര്‍ അകലത്തിലാണ് മുഴുപ്പിലങ്ങാടി. കടല്‍ത്തിരകള്‍ ചിന്നിച്ചിതറിച്ച് അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ മുഴുപ്പിലങ്ങാടിയിലൂടെ ഡ്രൈവ് ചെയ്ത് പോകാം. കൊച്ചിയില്‍ നിന്ന്‍ 261-കിലോമീറ്റര്‍ അകലമുണ്ട്.
പൂക്കോട് തടാകം: വയനാട് ജില്ലയില്‍, കല്‍പ്പറ്റയ്ക്കടുത്താണ് പൂക്കോട് തടാകം. നാലുപാടു നിന്നും കാടിന്‍റെ ഹരിതാഭയാല്‍ ചുറ്റപ്പെട്ട ഒരു ശുദ്ധജലതടാകമാണ് പൂക്കോട്. പൂക്കോടിലെ ജലം നിറയെ നീലാമ്പലുകള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണുന്നത് തന്നെ അനവദ്യസുന്ദരമായ ഒരു കാഴ്ചയാണ്. നീലാമ്പലുകള്‍ക്ക് കേടു വരുത്താതെയും, അവ ഇറുത്തെടുക്കാതെയുമുള്ള ബോട്ടിംഗ് സൗകര്യവും ലഭ്യമാണ്. കൊച്ചിയില്‍ നിന്നും 234-കിലോമീറ്റര്‍ അകലമുണ്ട്.
പൊന്മുടി: തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് പൊന്മുടി അഥവാ “ഗോള്‍ഡന്‍ പീക്ക്”. സമുദ്രനിരപ്പില്‍ നിന്ന്‍ 1100-മീറ്റര്‍ ഉയരത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ വിശാലതയുടെ ഭാഗമാണ് പൊന്മുടിയും. 22 ഹെയര്‍പിന്‍ വളവുകളോട് കൂടിയ ചുരത്തിലൂടെ യാത്രചെയ്താണ് പൊന്മുടിയില്‍ എത്തേണ്ടത്. ഈ യാത്ര തന്നെ ഒരിക്കലും മറക്കാനാകാത്ത ഒരു സാഹസിക അനുഭവമാണ്. കൊച്ചിയില്‍ നിന്നും 227-കിലോമീറ്റര്‍ അകലമുണ്ട്.
ആദ്യ ഭാഗം ഇവിടെ വായിക്കാം: http://goo.gl/Yk0M0g
Post Your Comments