IndiaNews

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു

ന്യൂഡല്‍ഹി● 27 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

27 സീറ്റുകളില്‍ 11 സീറ്റുകള്‍ നേടി ബി.ജെ.പി രാജ്യസഭയില്‍ നില മെച്ചപ്പെടുത്തി. 6 സീറ്റുകളില്‍ കോണ്‍ഗ്രസും എഴ് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും വിജയിച്ചു. രണ്ട് സീറ്റുകള്‍ ബി.എസ്.പിയും ഒരു സീറ്റ് സ്വതന്ത്രനും നേടി. ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളില്‍ 30 എണ്ണത്തില്‍ മത്സരമില്ലാതെ നേരത്തെ തന്നെ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു.

രാജസ്ഥാനില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉള്‍പ്പടെ മത്സരിച്ച നാല് ബി.ജെ.പി സ്ഥാനാര്‍ഥികളും വിജയിച്ചു. കര്‍ണാടകത്തില്‍ നിന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്‌, ഓസ്കര്‍ ഫെര്‍ണാണ്ടസ്, കെ.സി രാമമൂര്‍ത്തി എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.

ജാര്‍ഖണ്ഡില്‍ നിന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വി, ബി.ജെ.പി നേതാവ് മഹേഷ്‌ പൊദ്ദര്‍ എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.

മഹാരാഷ്ട്രയില്‍ നിന്ന് ബി.ജെ.പിയുടെ എം.ജെ.അക്ബര്‍, അനില്‍ ദാവേ, കോണ്‍ഗ്രസിന്റെ വിവേക് തന്ഖ എന്നിവര്‍ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് പ്രദീപ്‌ തമ്ത ഉത്തരാഖണ്ഡില്‍ നിന്നും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ മത്സരിച്ച എല്ലാ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബി.എസ്.പിയ്ക്ക് രണ്ടും കോണ്‍ഗ്രസിനും ബി,ജെ,പിയ്ക്കും ഓരോ സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഇവിടെ നിന്നും ജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ഹരിയാനയില്‍ നിന്ന് കേന്ദ്ര മന്ത്രി ബീരേന്ദര്‍ സിംഗും, മാധ്യമ ഭീമന്‍, സീ ടി.വി നെറ്റ്‌വര്‍ക്ക് (എസ്സെല്‍ ഗ്രൂപ്പ്) ഉടമ സുഭാഷ്‌ ചന്ദ്രയും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന തലസ്ഥാനങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയായിരുന്നു വോട്ടെടുപ്പ്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button