ദോഹ: റമദാനില്‍ ഭക്ഷ്യവിഷബാധ, തീപിടുത്തം, റോഡപകടങ്ങള്‍ തുടങ്ങിയവ തടയാന്‍ ആഭ്യന്തര വകുപ്പ് പൊതുജനങ്ങള്‍ക്ക് വിവിധ സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വീടുകള്ക്കകത്തുണ്ടാകുന്ന അപകടങ്ങളെ കാക്കാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചവയില്‍ ഏറെയും. എല്ലാ കുടുംബങ്ങള്‍ക്കും ഏറ്റവും സുരക്ഷിതമായ ഇടമാണ് സ്വന്തം വീടുകള്‍. എന്നാല്‍, സുരക്ഷ നടപടികളും പ്രതിരോധവും സ്വീകരിക്കാത്ത പക്ഷം വീടുകളില്‍ പോലും നിരവധി അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പ്രത്യേകിച്ച് റമദാന് മാസത്തില്‍. വീടുകളിലും റോഡിലും പാലിക്കേണ്ട സുരക്ഷ നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്.
ഭക്ഷ്യവിഷബാധക്കെതിരെ റമദാനില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പാക്കറ്റുകളിലും ബോട്ടിലുകളിലും അടച്ചതോ തണുപ്പിച്ചതോ ആയ ഭക്ഷ്യവസ്തുക്കളുടെ കാലാവധി കഴിഞ്ഞതാണോയെന്ന് കൃത്യമായി പരിശോധിക്കണം. ഭക്ഷ്യവസ്തുക്കളുടെ നിറത്തിലും ഗന്ധത്തിലും രുചിയിലും വ്യത്യാസമൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജിലോ അടച്ചിട്ടതും വൃത്തിയുള്ളതുമായ സ്ഥലത്തോ സൂക്ഷിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശുചിത്വമുള്ള സ്ഥലവും വൃത്തിയുള്ള ഭക്ഷണവും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
വീടിന്റെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ തീപടര്‍ന്നാല്‍ വെള്ളമൊഴിക്കരുത്. ഇത് തീ ആളിപ്പടരാനിടയാക്കും കട്ടിയുള്ള അടപ്പ് ഉപയോഗിച്ചോ ബ്ളാങ്കറ്റ് ഉപയോഗിച്ചോ തീ മൂടാന്‍ ശ്രമിക്കുക. വേസ്റ്റ് ബാസ്കറ്റില്‍ തീപിടിച്ചാല്‍ തീ പടരാന്‍ സഹായിക്കുന്ന വിധത്തില്‍ ഓക്സിജന്‍ സമ്പര്ക്കമുണ്ടാവാത്ത തരത്തില്‍ നനഞ്ഞ തുണികൊണ്ട് മൂടുക. തീ അണക്കാനുള്ള ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. തീയണച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തീപ്പെട്ടി കമ്പുകള്‍ വേസ്റ്റ് ബിന്നിലേക്ക് ഇടുക. കുട്ടികളെ അടുക്കളയിലും ചൂടുള്ള വസ്തുക്കളുടെ അടുത്തേക്കും വൈദ്യുതി ഉപകരണങ്ങള്ക്കടുത്തും തനിച്ച് വിടാതിരിക്കുക. അയഞ്ഞ വസ്ത്രങ്ങളും വേഗത്തില്‍ തീപിടിക്കുന്ന നൈലോണ്‍ വസ്ത്രങ്ങളും അടുക്കളയില്‍ ഉപയോഗിക്കാതിരിക്കുക.
ഗ്യാസ് ചോര്‍ന്നത് പോലുള്ള ഗന്ധമുണ്ടായാല് വാതിലുകളും ജനലുകള്‍ മുഴുവന്‍ തുറന്നിടുക. തീപ്പെട്ടിയോ തീ പടരുന്ന മറ്റ് വസ്തുക്കളോ ഉടനെ സ്ഥലത്ത് നിന്ന് നീക്കുക. എക്സ്ഹോസ്റ്റ്ഫാന് പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ലൈറ്റുകളോ ഇലക്ട്രിക് സ്വിച്ചുകളോ ഓണ്‍ ചെയ്യാതിരിക്കുക. അത് തീ ആളിപ്പടരുന്നതിനിടയാക്കും. ഇഫ്താര്‍ സമയത്ത് വാഹനങ്ങളില്‍ തിരക്കിട്ട് പോകേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഇഫ്താറിന് പോകുമ്പോള്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കി നേരത്തെ ഇറങ്ങുക. നോമ്പ് തുറക്കാനെത്തുന്നതിനായി വാഹനങ്ങള്‍ക്ക് വേഗത കൂട്ടുന്നത് ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ഇഫ്താര്‍ സമയത്തും രാത്രി തറാവീഹ്, ഖിയാമുലൈ്ളല്‍ നമസ്കാരങ്ങളുടെ സമയത്തും വഴിമുടക്കിയുള്ള വാഹന പാര്‍ക്കിങ് ഒഴിവാക്കുക.
അനുവദിക്കപ്പെട്ട സ്ഥലത്ത് നിന്ന് മാത്രം റോഡ് മുറിച്ചുകടക്കുക. പെരുന്നാള്‍ ഷോപ്പിങ് റമദാനിലെ അവസാന ദിവസങ്ങളിലേക്ക് മാറ്റിവെക്കുന്നത് ഒഴിവാക്കുക. ഇത് വാഹനത്തിരക്കിനും ഗതാഗതക്കുരുക്കിനും ഇടയാക്കും. പാര്‍ക്കിങ് സ്ഥലങ്ങള്‍ കിട്ടാനും ബദ്ധിമുട്ടാകും.
കുട്ടികളെ പാര്‍പ്പിട മേഖലകളിലെ ചെറു റോഡുകളില്‍ പോലും കളിക്കാന്‍ അനുവദിക്കരുത്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍. വാഹനാപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്. കളിക്കാന്‍ അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രം അവരെ കളിക്കാന്‍ അനുവദിക്കുക. റമദാന് 15ാം രാവിലെ കറങ്കഊ ആഘോഷ വേളയില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. പാര്‍പ്പിട മേഖലകളിലും മറ്റും കുട്ടികള്‍ സമ്മാനങ്ങള്‍ സ്വീകരിക്കാനും മറ്റും രാത്രിയില്‍ കൂട്ടം ചേര്‍ന്ന് നടക്കുന്നതിനാലാണിത്. കറങ്കഊ രാത്രിയില്‍ വാഹനാപകടങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
Post Your Comments