പീരുമേട് ● വിവാഹ സത്കാരത്തിനിടെ അനുവാദമില്ലാതെ ചിത്രം മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാര്‍ട്ടിക്കാരനെ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ മര്‍ദ്ദിച്ചതായി പരാതി. എ.ഐ.ടി.യു.സി. മുന്‍ സംസ്ഥാന കമ്മിറ്റിയംഗമായ എന്‍.കെ വത്സലനാ(60)ണ് മര്‍ദനമേറ്റത്.
ശനിയാഴ്ച ഉച്ചയോടെ ഏലപ്പാറ മലനാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവറുടെ മകളുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. സി.പി.ഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളായ പി.എസ് ഭാസ്കരന്, ജോസ് ഫിലിപ്പ് എന്നിവരുടെ ഒപ്പമിരുന്നു ഭക്ഷണം കഴിച്ച ശേഷം വത്സലന്‍ ഇവര്‍ക്കൊപ്പം മൊബൈലില്‍ ഫോട്ടോയെടുത്തു. ഈ സമയം അവിടേക്ക് വന്ന ബിജിമോളേയും വത്സലന്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. തുടര്‍ന്ന് അനുവാദമില്ലാതെ ഫോട്ടോയെടുത്തതിന് എം.എല്‍.എ പ്രകോപിതയാകുകയും വിവാഹത്തിനെത്തിയ ബന്ധുക്കളോട് വത്സലന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. രംഗം വഷളായതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച വത്സലനെ ബിജിമോളും മറ്റുചിലരും ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
അതേസമയം, എം.എല്‍.എയുടെ പരാതിയില്‍ പീരുമേട് പോലീസ് വത്സലനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വത്സലന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തിയെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞതായും എം.എല്‍.എ. പീരുമേട് സി.ഐയ്ക്കു നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എല്‍.എയുടെ സ്വന്തം തട്ടകമായ ഏലപ്പാറയില്‍ പിന്നാക്കം പോയതിനെത്തുടര്‍ന്ന് വീട്ടിലെത്തുന്നവരോടു പോലും എം.എല്‍.എ മോശമായി പെരുമാറുന്നതായും ഇതു ചൂണ്ടിക്കാട്ടിയതാണു പ്രകോപനത്തിനിടയാക്കിയതെന്നും വത്സലന്‍ പറഞ്ഞു.
Post Your Comments