ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള പുതിയ പരിശോധന ഫലം പുറത്തു വന്നു. സി.ബി.ഐയുടെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വീഡിയോ ആധികാരികമെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
നേരത്തെ ഡല്‍ഹി പൊലീസ് നാലു വീഡിയോ ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ഗാന്ധിനഗറിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ അയച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നായിരുന്നു റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ ഏഴു വീഡിയോകള്‍ ഹൈദരാബാദിലെ ലാബിന് നല്‍കിയിരുന്നു. ഇതില്‍ രണ്ട് വീഡിയോകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
വിവാദ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഹിന്ദി വാര്‍ത്താ ചാനലില്‍ നിന്നാണ് ശേഖരിച്ചത്. ക്യാമറ, മെമ്മറി കാര്‍ഡ്, വീഡിയോ ദൃശ്യങ്ങളുള്ള സിഡി തുടങ്ങിയവയാണ് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് ജൂണ്‍ എട്ടിനാണ് സിബിഐ ലാബ് പരിശോധനയുടെ വിവരങ്ങള്‍ നല്‍കിയത്.
Post Your Comments