KeralaNews

ഇ.എം.എസിന്‍റെ ലോകം സെമിനാറില്‍ വി.എസിനെ തഴഞ്ഞു

മലപ്പുറം : “ഇ.എം.എസിന്‍റെ ലോകം’ എന്ന പേരില്‍ സി.പി.എം നടത്തുന്ന ദേശീയ സെമിനാറില്‍നിന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും, ജില്ലയില്‍ നിന്ന് മന്ത്രി കെ.ടി. ജലീലിനെപ്പോലുള്ള നേതാക്കളും പങ്കെടുക്കുമ്പോഴാണ് വിഎസിനെ ഒഴിവാക്കിയിരിക്കുന്നത്. അദ്ദേഹത്തെ ഒഴിവാക്കിയതല്ലെന്നും, മുഖ്യമന്ത്രിയായിരുന്ന സമയത്ത് സെമിനാറില്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ചിട്ടുണ്ടെന്നുമാണു സംഘാടകരുടെ വിശദീകരണം. ഈ മാസം 12, 13 തീയതികളില്‍ മഞ്ചേരി വി.പി ഹാളിലാണ് പത്തൊമ്ബതാമത് “ഇ.എം.എസിന്‍റെ ലോകം’ സെമിനാര്‍. സെമിനാര്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 

സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തും. 13നു വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഇ.എം.എസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച്‌ ഇ.എം.എസ് സ്മാരക പഠനഗവേഷണ കേന്ദ്രം നടത്തിവരാറുള്ള സെമിനാര്‍ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശകലനത്തിലൂടെ ശ്രദ്ധേയമാകാറുണ്ട്. പുരോഗമന മനസുള്ള നൂറുകണക്കിന് പൊതുപ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളും പങ്കെടുക്കും. കാലിക പ്രസക്തിയുള്ളതും ഇ.എം.എസിന്‍റെ നിരന്തര ഇടപെടലുകള്‍ക്ക് വിധേയവുമായിരുന്ന രണ്ടു വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദമാണ് സെമിനാറില്‍ നടക്കുക. പ്രധാന സെഷന്‍ അഴിമതിമുക്ത വികസിത കേരളത്തെക്കുറിച്ചാണ്.

 

നാളെ “ജനപക്ഷ കേരളം: പ്രതീക്ഷയും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.പി. നാരായണന്‍ എം.പി, ഡോ. ടി.എന്‍. സീമ, കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് “വര്‍ഗീയ ഫാസിസം: ഭീഷണിയും പ്രതിരോധവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പി. രാജീവ്, സുനില്‍ പി. ഇളയിടം, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. എം. എം. നാരായണന്‍ എന്നിവര്‍ സംസാരിക്കും. 1,500 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വര്‍ഗീയതയും നവ ഉദാരീകരണവും രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്രഹിന്ദുത്വവാദികളുടെ രാഷ്ട്രീയത്തെ സെമിനാര്‍ ആഴത്തില്‍ അപഗ്രഥിക്കുമെന്ന് സംഘാടകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button