ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗത്വത്തിനു വേണ്ടിയുള്ള ന്യൂഡല്‍ഹിയുടെ ശ്രമത്തിനു സ്വിറ്റ്സര്‍ലന്‍ഡിന്‍റെ പിന്തുണ ഉറപ്പാക്കിയതിനു പുറമേ, അമേരിക്കയുടെ പിന്തുണയും ഉറപ്പാക്കി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനം വന്‍വിജയമായി മാറുന്നു. ഇതിനു പുറമേ, അമേരിക്കന്‍ സഹകരണത്തോടെ ഇന്ത്യയില്‍ ആറ് ആണവ റിയാക്‌ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിനും ധാരണയായി.
ദി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ്ഹൗസുമായാണ് AP1000 ശ്രേണിയിലുള്ള ആണവ റിയാക്‌ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുള്ള എന്‍ജിനീയറിംഗ് നടപടികളും സ്ഥലമെടുപ്പും ഉടനടി ആരംഭിക്കാന്‍ ധാരണയായത്. ഈ പദ്ധതിയുടെ പൂര്‍ണ്ണമായ ഉടമ്പടി ക്രമീകരണങ്ങള്‍ ജൂണ്‍ 2017-ഓടെ പൂര്‍ത്തിയാക്കും.
ആണവദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തത്തെ അമേരിക്ക പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു എന്ന്‍ നരേന്ദ്രമോദിയുമായുള്ള കൂടിക്കഴച്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ അറിയിച്ചു.
ഇതിനു പുറമേ, ഇന്ത്യയ്ക്ക് മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (MTCR) എന്ന കൂട്ടായ്മയിലും അംഗത്വം ഉറപ്പായിട്ടുണ്ട്. MTCR-ലെ അംഗത്വത്തിലൂടെ ഇന്ത്യയ്ക്ക് അത്യാധുനിക മിസ്സൈലുകളും ആളില്ലാ ഡ്രോണ്‍ സാങ്കേതികവിദ്യയും വാങ്ങാനാകും. റഷ്യന്‍ സഹകരണത്തോടെ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ മറ്റ് അംഗങ്ങള്‍ക്ക് വില്‍ക്കാനും ഇതോടെ ഇന്ത്യയ്ക്ക് കഴിയും.
മോദി-ഒബാമ ചര്‍ച്ചയില്‍ ഭീകരവാദം, ക്ലീന്‍ എനര്‍ജി, കാലാവസ്ഥാ വ്യതിയാനം, തദ്ദേശ സുരക്ഷ, സൈബര്‍ സെക്യൂരിറ്റി തുടങ്ങി ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള പാരീസ് ഉടമ്പടി ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുത്താനുള്ള ഇന്ത്യയുടെ പിന്തുണ മോദി ഒബാമയ്ക്ക് നല്‍കി.
Post Your Comments