അമേരിക്കയില്‍ നടക്കുന്ന ശതാബ്ദി കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്‍റീനയ്ക്ക് പ്രതികാരതുല്ല്യമായ വിജയം. കഴിഞ്ഞവര്‍ഷം ചിലിയിലെ സാന്‍റിയാഗോ സ്റ്റേഡിയത്തില്‍ വച്ച്നടന്ന കോപ്പാ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ടില്‍ തങ്ങളെ പരാജയെപ്പെടുത്തി കപ്പടിച്ച ചിലിയെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അര്‍ജന്‍റീന തുടങ്ങിയത്. കഴിഞ്ഞ ദിവസം സൂപ്പര്‍താരം നെയ്‌മറില്ലാതെ ഇറങ്ങിയ ബ്രസീല്‍ ഇക്വഡോറിനെതിരെ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയത് കണ്ട അര്‍ജന്‍റീനാ ആരാധകര്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെ അര്‍ജന്‍റീന ഇന്നത്തെ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ആശങ്കയിലായിരുന്നു.
പക്ഷേ, മെസ്സിയുടെ അഭാവത്തിലും നന്നായി കളിച്ച അര്‍ജന്‍റീനയ്ക്ക് വണ്ടി കളിമെനഞ്ഞതും എതിര്‍പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്തിയതും ആംഗല്‍ ഡി മറിയ-എവര്‍ ബനേഗ കൂട്ടുകെട്ടായിരുന്നു. ആദ്യപകുതി സമനിലയില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ബനേഗയുടെ അസ്സിസ്റ്റില്‍ മറിയ മനോഹരമായ ഫിനീഷോടെ ഗോള്‍ നേടി. തുടര്‍ന്ന്‍ 59-ആം മിനിറ്റില്‍ മറിയയുടെ അസ്സിസ്റ്റില്‍ ബനേഗയും ഗോള്‍ നേടി. പല ഗോളവസരങ്ങളും അര്‍ജന്‍റീന തുലയ്ക്കുകയും ചെയ്തു.
കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹോസെ ഫ്യുവന്‍സലീദയാണ് ഹെഡറിലൂടെ ചിലിയുടെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പനാമ 2-1 എന്ന സ്കോറിന് ബൊളീവിയയെ കീഴടക്കി.
Post Your Comments