കുന്നംകുളം ● സൗജന്യ ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ വാട്സ്ആപ്പ് വഴി സ്ത്രീകള്‍ക്ക് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന പച്ചമുളക് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി മുണ്ടേരി പടന്നോട്ട് ഖദീജ മന്‍സില്‍ പാറക്കാട്ട് വീട്ടില്‍ ഷെര്‍ഷാദ് (20) ആണ് പിടിയിലായത്. കണ്ണൂര്‍ തലശേരിയില്‍ നിന്നാണ് ഇയാളെ കുന്നംകുളം സി.ഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2015 ഒക്‌ടോബര്‍ 15ന് കുന്നംകുളം-തൃശൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിയിലെ പാവറട്ടി സ്വദേശിനിയായ ട്യൂട്ടര്‍ നല്‍കിയ പരാതിയിലാണ് പച്ചമുളക് ഗ്രൂപ്പ് തലവനായ ഷെര്‍ഷാദിനെ പോലീസ് അറസ്‌റ്റുചെയ്‌തത്. മൈസൂരിലെ സ്‌റ്റേഷനറി കടയിലെ സെയില്‍മാനായ ഷെര്‍ഷാദ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഹായ് എന്ന സന്ദേശമാണ് പരാതിക്കാരിയായ സ്ത്രീയ്ക്ക് വാട്സ് ആപ്പ് ആദ്യം ലഭിച്ചത്.സ്വാഭാവികമായ മറുപടിയും അയച്ചു.പിന്നീട് ഷെര്‍ഷാദ് അശ്ലീല ചിത്രങ്ങള്‍ അയക്കാന്‍ ആരംഭിച്ചു. ഇതില്‍ ഇയാളുടെ നഗ്നചിത്രങ്ങളും ഉണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന ട്യൂട്ടറുടെ ഭര്‍ത്താവ് നാട്ടിലെത്തിപ്പോള്‍ ഭാര്യയുടെ ഫോണ്‍ നോക്കിയപ്പോഴാണ് നിറയെ അശ്ലീല ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് ദമ്പതികള്‍ തൃശൂര്‍ എസ്.പി ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. തുടരന്വേഷണത്തിനായി എസ്.പി പരാതി കുന്നംകുളം പോലീസിന് കൈമാറി. സി.ഐ. കൃഷ്‌ണദാസും അഡീഷണല്‍ എസ്.ഐ. ദിനേശനും നടത്തിയ അന്വേഷണത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍പ്പെട്ട സന്ദേശമയച്ച ഫോണ്‍ നമ്പര്‍ പ്രകാരം ചാവക്കാട് സ്വദേശിയെ പോലീസ് ആദ്യം പിടികൂടി. പിന്നീട് യുവാവിന്റെ നഗ്നചിത്രം അയച്ചുകൊടുത്ത 15 കാരനെയും കരിക്കാടുള്ള മറ്റ് ചില യുവാക്കളെയും പോലീസ് പിടികൂടി. ഇവരില്‍നിന്നാണ് പച്ചമുളക് ഗ്രൂപ്പിന്റെ യഥാര്‍ഥ തലവനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
അശ്ലീല ചിത്രങ്ങള്‍ സ്‌ത്രീകള്‍ക്ക് അയച്ചുകൊടുത്ത് അവരെ വലയില്‍ വീഴ്‌ത്തുകയാണ് പച്ചമുളക് വാട്‌സാപ്പ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
Post Your Comments