കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമിദാനം നല്കിയ കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും എതിരെ കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭൂമിദാനക്കേസില്‍ വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് കോടതിയുടെ നടപടി. പുത്തൻവേലിക്കരയിൽ മിച്ചഭൂമി നികത്തി ഐ ടി പാർക്ക് സ്ഥാപിക്കുന്നതിന് അനുവാദം നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരായ ഹർജിയിലാണു വിധി.കൊടുങ്ങല്ലൂരിലെയും, പുത്തന്‍വേലിക്കരയിലെയും മിച്ചഭൂമിയായി ഏറ്റെടുത്ത 127 ഏക്കര്‍ ഭൂമി നികത്താനുളള അനുമതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയത്.
വിജിലൻസിന് പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയ മൊഴിയും ആദ്യ റിപ്പോർട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിലും വൈരുദ്ധ്യമുണ്ട്. ഇതു ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിക്കുകയായിരുന്നു.മുൻ മന്ത്രിമാരെക്കൂടാതെ വിശ്വാസ് മേത്ത, സന്തോഷ് മാധവൻ, ജയ്ശങ്കർ തുടങ്ങിയവർക്കെതിരെയും കേസുണ്ട്.
Post Your Comments