തിരുവനന്തപുരം● കമ്പി തുളച്ച് കയറി അത്യാസന്ന നിലയിലായിരുന്നയാള്‍ക്ക് പുതുജീവന്‍ നല്‍കി മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ വിദഗ്ധര്‍. ഏതാണ്ട് അരമീറ്ററിലധികം നീളവും അര ഇഞ്ച് വലിപ്പവുമുള്ള കമ്പിയാണ് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ നീക്കം ചെയതത്.
നെടുമങ്ങാട് പനയ്ക്കോട് സ്വദേശിയായ 46കാരന് ഇക്കഴിഞ്ഞ 21-ാം തീയതി രാവിലെ 10 മണിക്ക് ജോലിസ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം കോണ്‍ക്രീറ്റിനായി തറച്ചിരുന്ന കമ്പിയില്‍ വീഴുകയായിരുന്നു. വൃഷണ സഞ്ചിവഴി തുളച്ച് കയറിയ കമ്പി ഏതാണ്ട് വയറിന്‍റെ ഭാഗത്തുവരെ എത്തിയിരുന്നു.
കൂടെ ജോലി ചെയ്തിരുന്നവര്‍ ചേര്‍ന്ന് തുളച്ചിരുന്ന കമ്പിയെ കോണ്‍ക്രീറ്റില്‍ നിന്നും മുറിച്ചുമാറ്റി ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തിലെത്തിയ ഇദ്ദേഹത്തെ ഉടന്‍തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അള്‍ട്രാ സൗണ്ട് സ്കാന്‍, സി.ടി. സ്കാന്‍ എന്നീ പരിശോധനകളിലൂടെ കമ്പി തുളച്ചുകയറിയ ഭാഗങ്ങള്‍ കൃത്യമായി ഡോക്ടര്‍മാര്‍ മനസിലാക്കി. വൃഷണ സഞ്ചി തുരന്ന് കുടലിനടുത്ത് വലതുവശത്തുള്ള വൃക്ക, കരള്‍ എന്നിവയുടെ സമീപം വരെ കമ്പി എത്തിയിരുന്നു.
ഉടന്‍ തന്നെ അനസ്തീഷ്യാ വിഭാഗത്തിന്‍റെ സഹായത്തോടെ വിദഗ്ധ സംഘം ശസ്ത്രക്രിയ നടത്തി. കമ്പി നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന എല്ലാ അപകട സാധ്യതകളും മുന്നില്‍കണ്ടാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.
വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. അപകടാവസ്ഥയില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവനെ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്‍റെ കുടുംബം നന്ദി പറഞ്ഞു. സര്‍ജറി വിഭാഗത്തിലെ ഡോ. സുല്‍ഫിക്കര്‍, ഡോ. വിജയകുമാരന്‍ പിള്ള, ഡോ. അനില്‍കുമാര്‍, ഡോ. മീര്‍ ചിസ്തി, ഡോ. നവീന്‍, ഡോ. ദീപു ചെറിയാന്‍, ഡോ. ഗായത്രി, ഡോ. സുജിത്കുമാര്‍, ഡോ. ഹാരിസ്, വിദഗ്ധ നഴ്സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Post Your Comments