KeralaNews

കെ.എസ്.ആര്‍.ടി.സി ബസ് മദ്യപന്‍ ‘അടിച്ചുമാറ്റി’

തൊടുപുഴ : കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മദ്യപിച്ചെത്തിയ യുവാവ് അടിച്ചുമാറ്റി. മോഷ്ടിച്ച ബസുമായി കടന്ന യുവാവിനെ രണ്ടു കിലോമീറ്റര്‍ അകലെവച്ചു പൊലീസ് പിടികൂടി. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇരുന്നൂറു മീറ്റര്‍ അകലെയാണു സംഭവം. മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണു പ്രതി കുടുങ്ങിയത്. തൊട്ടു മുന്നില്‍ നിന്നു ബസ് മോഷ്ടിച്ചിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതരും പൊലീസും വിവരം അറിഞ്ഞില്ല. മണക്കാട് അരിക്കുഴ സ്വദേശി ദീപു പ്രകാശ് (20)ആണു ബസുമായി കടന്നത്. ഇയാള്‍ മൂക്കറ്റം മദ്യപിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. കാഞ്ഞിരമറ്റം ബൈപാസ് റോഡിലുള്ള തൊടുപുഴ കെ.എസ്.ആര്‍.ടി.സിയുടെ താല്‍ക്കാലിക ഡിപ്പോയ്ക്കു മുന്നില്‍ റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന ആര്‍എന്‍സി 11 എന്ന വേണാട് ബസാണു ദീപു മോഷ്ടിച്ചത്. ഉപ്പുകുന്ന്-തോപ്രാംകുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണിത്.

ഇന്നലെ രാത്രി എട്ടോടെ ബസ് ഡിപ്പോയിലെത്തിച്ച് ഗാരിജില്‍ പരിശോധിച്ച ശേഷം വാഹനം വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്കു കൈമാറി. ഡിപ്പോയ്ക്കുള്ളില്‍ ബസ് പാര്‍ക്കു ചെയ്യാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് ഇതേ ബസ് ഡിപ്പോയ്ക്കു മുന്നിലെ റോഡരികില്‍ പാര്‍ക്കു ചെയ്തത്. ഈ സമയം ഇവിടെയെത്തിയ ദീപു ബസിനുള്ളില്‍ കയറി വാഹനം സ്റ്റാര്‍ട്ടാക്കി കടക്കുകയായിരുന്നു. താക്കോലില്ലാത്തതിനാല്‍ സ്വിച്ചിട്ട് സ്റ്റാര്‍ട്ടാക്കിയാണു ബസ് കടത്തിയത്.

സ്റ്റാന്‍ഡിനു സമീപത്തുനിന്ന് മദ്യപന്‍ ബസ് കടത്തിക്കൊണ്ടുപോയിട്ടും സുരക്ഷാജീവനക്കാരും ഡിപ്പോ അധികൃതരും സംഭവം അറിഞ്ഞതേയില്ല. ബസുമായി കടന്ന യുവാവ് ഡിപ്പോയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള വെങ്ങല്ലൂരില്‍ വാഹനം നിര്‍ത്തിയ ശേഷം കുപ്പിവെള്ളം വാങ്ങാന്‍ സമീപത്തെ കടയിലെത്തി.എന്‍ജിന്‍ ചൂടായെന്നും വെള്ളം വേണമെന്നുമാണു ദീപു കടക്കാരനോടു പറഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ കെ.എം. സിജുവിന് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി, ചോദ്യം ചെയ്തു.

പരസ്പര വിരുദ്ധമായ മറുപടി ഇയാള്‍ പറഞ്ഞതോടെ സിജുവിനു സംശയമായി. ഡ്രൈവറാണെന്നും യുവാവ് പറഞ്ഞു. ഏതു ഡിപ്പോയിലാണു ജോലി ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ മൂവാറ്റുപുഴ ഡിപ്പോയിലാണെന്നായിരുന്നു മറുപടി. ഇതിനിടെ, ദീപു വീണ്ടും ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതു നാട്ടുകാര്‍ തടയുകയായിരുന്നു. യാത്രക്കാരും ബോര്‍ഡും ഇല്ലാത്ത ബസില്‍ ഷട്ടറുകളെല്ലാം താഴ്ത്തിയിട്ടിരിക്കുന്നതും വെളിച്ചമില്ലാതിരുന്നതും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതുമാണു സംശയമുണര്‍ത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദീപുവിനോട് തിരിച്ചറിയല്‍ കാര്‍ഡും ലോഗ് ബുക്കും സിജു ആവശ്യപ്പെട്ടപ്പോള്‍ യുവാവ് വട്ടം ചുറ്റി. തുടര്‍ന്നു നാട്ടുകാരെ വിളിച്ച് വിവരം പറഞ്ഞ സിജു ദീപുവിനെ തടഞ്ഞു വച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലും ഡിപ്പോയിലും വിവരം അറിയിച്ചു. ഇതോടെയാണു ബസ് മോഷ്ടിക്കപ്പെട്ട വിവരം തൊടുപുഴ ഡിപ്പോയിലെ അധികൃതര്‍ അറിഞ്ഞത്.

ഇതിനിടെ, തന്റെ ഒട്ടോറിക്ഷയില്‍ ബസ് ഇടിക്കാന്‍ ശ്രമിച്ചതായി അരോപിച്ച് ഓട്ടോ ഡ്രൈവറും രംഗത്തെത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ദീപുവിനെയും കെ.എസ്.ആര്‍.ടി.സി ബസും കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നെങ്കിലും പൊലീസ് എത്തിയതോടെ വണ്ടി ഓഫ് ചെയ്ത ദീപു എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ അറസ്റ്റിനു വഴങ്ങിയതായി എസ്‌ഐ: സി.ബി. സുരേഷ്‌കുമാര്‍ പറഞ്ഞു. ബസ് കണ്ടപ്പോള്‍ തോന്നിയ കൗതുകത്താലാണു വണ്ടി എടുത്തുകൊണ്ടുപോയതെന്നു മദ്യപന്‍ പൊലീസിനോടു സമ്മതിച്ചു. കുറച്ചുദൂരം ഓടിച്ചുനോക്കിയശേഷം തിരിച്ചുവയ്ക്കാമെന്നാണു കരുതിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.

സ്വകാര്യ ബസിലും ലോറിയിലും ജോലി നോക്കിയിട്ടുള്ള ദീപു നേരത്തെയും മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പും പ്രതി മദ്യപിച്ചതിനു ശേഷം മണ്ണുമാന്തിയന്ത്രം വരെ എടുത്തുകൊണ്ടുപോയിട്ടുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതിനാല്‍ സംഭവം കേസാക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന ശീലക്കാരനായ പ്രതി മദ്യലഹരിയില്‍ അയല്‍ക്കാരെയും സുഹൃത്തുക്കളെയും ശല്യപ്പെടുത്തുന്ന പ്രകൃതക്കാരനാണ്. സ്വകാര്യ ബസുകളില്‍ ക്ലീനറായി ജോലി ചെയ്തിരുന്ന ദീപു പ്രകാശ് ഇടക്കാലത്തു ലോറിയിലും ഡ്രൈവറായി പോയിട്ടുണ്ട്. ഈ പരിചയം വച്ചാണ് ഇയാള്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button