മഥുര ● ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റം ഒഴിപ്പിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. വെടിയുണ്ടയേറ്റ് പരിക്കേറ്റ 23 പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അലഹാബാദ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജവഹര്‍ ബാഗിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായത്.ജവഹര്‍ ബാഗില്‍ നിയമവിരുദ്ധമായി ഭൂമി കയ്യേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരെ കുടിയൊഴിപ്പിക്കാനുള്ള പോലീസ് ശ്രമമാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം 24 പേരുടെ ജീവന്‍ എടുത്തത്.
രാഷ്ട്രപതി, പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകള്‍ പിന്‍വലിക്കുക, ഒരു രൂപയ്ക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും വില്‍ക്കുക. നിലവിലെ കറന്‍സി ‘ആസാദ് ഹിന്ദ് ഫൗജ്’കറന്‍സിയാക്കി മാറ്റുക തുടങ്ങി വിചിത്രമായ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.ഇവരെ ഒഴിപ്പിക്കാന്‍ അടുത്തിടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് വീണ്ടും ദവഹര്‍ബാഗിലെത്തിയത്.
യാതൊരു പ്രകോപനവുമില്ലാതെ കയ്യേറ്റക്കാര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു. ഇതോടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പോലീസ് പ്രയോഗിച്ചു. അക്രമാസക്തമായതോടെ പോലീസ് തിരിച്ചും വെടിവെച്ചു.
കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് മുന്‍പായി വേണ്ടത്ര തയ്യാറെടുപ്പ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രക്ഷോഭകരുടെ കയ്യില്‍ ആയുധങ്ങളും തോക്കുകളും ഉള്ളതായി വിവരം ലഭിച്ചിരുന്നില്ല. ചര്‍ച്ചകള്‍ക്കും വേണ്ടത്ര തയ്യാറെടുപ്പിനും ശേഷമായിരുന്നു പോലീസ് കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്നുള്ള വാര്‍ത്ത മുഖ്യമന്ത്രി അഖിലേഷ് യാദവ് തള്ളിക്കളഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായും സംസ്ഥാനത്ത് നിയമമില്ലായ്മ ഈ സംഭവത്തിലൂടെ വെളിച്ചത്തുവരുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
ഇതിനിടെ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വലിയ വീഴ്ച്ചസംഭവിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ആക്രമണം നടത്തിയ 320 പേരെ അറസ്റ്റ് ചെയ്തു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സംസാരിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു
Post Your Comments