NewsSports

ഇനി കണി കാണാം കോപ : കോപയ്ക്ക് നാളെ കിക്കോഫ്

കാലിഫോര്‍ണിയ: ഇനിയുള്ള മൂന്നാഴ്ചയിലെ പുലര്‍വേളകളില്‍ കോപ അമേരിക്ക ഫുട്ബാള്‍ കണികണ്ടുണരാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ലോകകപ്പായ കോപ അമേരിക്കയുടെ നൂറാം വാര്‍ഷിക ടൂര്‍ണമെന്റിന് ഇന്ത്യന്‍ സമയം രാവിലെ ഏഴിന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തുടക്കമാവും. ഇങ്ങേയറ്റത്തുള്ള ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7.00 മണി മുതല്‍ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കാണാം.

ലാറ്റിനമേരിക്കയിലെ കരുത്തര്‍ക്ക് പുറമെ ആതിഥേയരായ യു.എസ്.എയടക്കമുള്ള വടക്കനമേരിക്കന്‍ ഫുട്ബാള്‍ രാഷ്ട്രങ്ങളുടെ സംഘടനയായ കോണ്‍കാഫിലെ പ്രമുഖ ടീമുകളും ഇത്തവണത്തെ കോപയില്‍ പോരാട്ടവീര്യം നിറക്കും. ശതാബ്ദി ടൂര്‍ണമെന്റായതിനാല്‍ ജേതാക്കള്‍ക്ക് എന്നെന്നേക്കും ട്രോഫി സ്വന്തമാക്കാമെന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്. ഈ മാസം 26 വരെ നീളുന്ന ടൂര്‍ണമെന്റ് പത്ത് നഗരങ്ങളിലായാണ് അരങ്ങേറുന്നത്.

ഗ്രൂപ് എയില്‍ യു.എസ്.എയും കൊളംബിയയും തമ്മിലാണ് ഉദ്ഘാടന അങ്കം. ഫിഫ റാങ്കിങ്ങില്‍ 29ാം സ്ഥാനത്താണ് യു.എസ്.എ. നാലാം റാങ്കുള്ള കൊളംബിയയുമായി മാറ്റുരക്കുമ്പോള്‍ ആതിഥേയര്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും. പരഗ്വെ കോസ്റ്ററീക എന്നീ ടീമുകളും ചേരുമ്പോള്‍ ഗ്രൂപ്പ് എയില്‍ പോരാട്ടം കടുക്കും.ജര്‍മന്‍കാരന്‍ യുര്‍ഗന്‍ ക്‌ളിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമരിക്കന്‍ ടീമില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രാഡ്‌ലി (മിഡ്ഫീല്‍ഡ്), ജെഫ് കാമറൂണ്‍ (ഡിഫന്‍ഡ്‌സ്), ക്‌ളിന്‍ഡ് ഡെംപ്‌സി (ഫോര്‍വേഡ്) എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍.

മുന്നേറ്റനിരയിലെ ജോസി ആള്‍ട്ടിഡോര്‍ കളിക്കാത്തത് ആതിഥേയര്‍ക്ക് വിനയാകും. ഇതിനൊപ്പം കൊളംബിയക്കാരുടെ പരുക്കന്‍ കളിയും വെല്ലുവിളിയാണ്.മറുഭാഗത്ത് ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗ്വസടക്കമുള്ള കൊളംബിയന്‍ താരങ്ങള്‍ കപ്പുയര്‍ത്താന്‍ കെല്‍പുള്ളവരാണ്. തന്ത്രങ്ങളുടെ ആശാനായ ജോസ് പെക്കര്‍മാന്റെ പരിശീലനവും കൊളംബിയക്കാര്‍ക്ക് പ്‌ളസ് പോയന്റാണ്.

shortlink

Post Your Comments


Back to top button