കാലിഫോര്‍ണിയ: ഫേസ്ബുക്ക് ലൈക്കുകള്‍ കൗമാരപ്രായക്കാരില്‍ തലച്ചോറിന് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പഠനം. പണം ലഭിക്കുമ്പോളും ഇഷ്ടമുള്ള ചോക്കലേറ്റുകള്‍ ലഭിക്കുമ്പോഴും സജീവമാകുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ലൈക്ക് ലഭിക്കുമ്പോള്‍ സജീവമാകുന്നതെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. യുസിഎല്‍എ ബ്രെയിന്‍ മാപ്പിംഗ് സെന്ററിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
13നും 18നും ഇടയില്‍ പ്രായമുള്ള 32 കൗമാരപ്രായക്കാരെയാണ് പഠനവിധേയമാക്കിയത്. ഇന്‍സ്റ്റഗ്രാമിന് സമാനമായ സോഷ്യല്‍ മീഡിയ പ്ലാ്റ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോകള്‍ കുട്ടികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിന്നു ഇവരെ പഠനവിധേയമാക്കിയത്. 148 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചതില്‍ 40 സ്വന്തം ഫോട്ടോകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ സമയത്ത് ഈ കുട്ടികളിലുണ്ടായ മാറ്റങ്ങള്‍ ഫങ്ഷണല്‍ മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ് (എഫ്എംആര്‍ഐ) സംവിധാനം വഴി വിശകലനം ചെയ്താണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഫോട്ടോകള്‍ക്കും ലഭിച്ചിട്ടുള്ള ലൈക്കുകളും ഫോട്ടോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഫോട്ടോകളുടെ ലൈക്കുകള്‍ ഗവേഷകര്‍ പ്രത്യേകം തയ്യാറാക്കിയതിയതാണെന്ന് പഠനത്തിന് വിധേയരായവരെ അറിയിച്ചത്. ഫോട്ടോകള്‍ക്ക് കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ തലച്ചോറില്‍ നിരവധി വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി എഴുത്തുകാരനും ഗവേഷകനുമായ ലോറന്‍ ഷെര്‍മാന്‍ വ്യക്തമാക്കുന്നു.
ലഭിച്ച ലൈക്കുകളിലുണ്ടാകുന്ന വ്യതിനായവും ഇത്തരക്കാരുടെ തലച്ചോറില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നു. തലച്ചോറിലെ ന്യൂക്ലിയസ് അക്യൂബെന്‍സ് എന്നറിയപ്പെടുന്ന ഭാഗമാണ് ഇത്തരം സാഹചര്യങ്ങളില്‍ സജീവമാകുന്നത്. കൗമാരപ്രായത്തില്‍ സംവേദന ക്ഷമത വര്‍ദ്ധിച്ചിട്ടുള്ള റിവാര്‍ഡ് സെര്‍ക്യൂട്രി എന്ന ഭാഗത്തെയാണ് ഈ മാറ്റങ്ങള്‍ ബാധിക്കുക. തങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ലഭിക്കണമെന്ന ആഗ്രഹം ഇത്തരക്കാരില്‍ ഉണ്ടായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സൈക്കോളജിക്കല്‍ സയന്‍സ് എന്ന മാസികയില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments