India

പോസ്റ്റോഫീസുകള്‍ക്ക് പുനര്‍ജനിയാകുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : 2017 ആകുമ്പോഴേക്കും ബാങ്ക് ഇടപാടുകള്‍ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്‍റ് ബാങ്ക് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.പോസ്റ്റ് ഓഫീസുകളെ പേയ്മെന്‍റ് ബാങ്കാക്കുന്നതിന്‍റെ ആദ്യ നടപടിയായി 650 പെയ്മെന്‍റ് ബാങ്ക് ബ്രാഞ്ചുകള്‍ തുറക്കും.1.54 ലക്ഷം പോസ്റ്റ് ഓഫീസ് കളാണ് ഇന്ത്യയിലുള്ളത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ബാങ്കിങ് നെറ്റ്വര്‍ക്ക് പോസ്റ്റ് ഒാഫീസിന്‍റേതാകുമെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നിലവില്‍ ഏറ്റവും വലിയ കോര്‍ബാങ്കിങ് ശൃംഖലയാണ് ഇന്ത്യ പോസ്റ്റ്.മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്താകമാനം പദ്ധതി കൊണ്ടുവരാനാണ് ശ്രമിച്ചിരുന്നതെങ്കിലും അടുത്ത വര്‍ഷം സെപ്റ്റംബറോടെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ചുകള്‍ തുടങ്ങുന്ന നടപടി വേഗത്തിലാക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.പദ്ധതി നടപ്പാക്കുന്നതിനായി 1.7 ലക്ഷം പോസ്റ്റുമാന്‍മാരെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് വിനിയോഗിക്കും.

മൊബൈല്‍ ഗ്രാമീണ ബാങ്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി 1.3 ലക്ഷം വാഹനങ്ങളും പോസ്റ്റുമാന്‍മാര്‍ക്ക് നല്‍കും. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് ഉള്‍പ്പെടെയുള്ളവയും പോസ്റ്റുമാന്‍മാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.പദ്ധതിക്കായി 400 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തി. 5000 എടിഎമ്മുകളും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആരംഭിക്കും.

shortlink

Post Your Comments


Back to top button