റാസ്-അല്‍-ഖൈമ ● റാസ്-അല്‍-ഖൈമയിലെ മലയില്‍ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളംകുടിക്കാന്‍ ശ്രമിച്ച എമിറാത്തി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. 29 കാരനായ സലിം അല്‍ ഷേഹി എന്നയാളാണ് അല്‍-ജീര്‍ ഏരിയയിലെ മലയില്‍ വച്ച് മരിച്ചത്. ഒറ്റയ്ക്ക് ഇവിടെയെത്തിയ സലിം തന്റെ വാഹനത്തില്‍ നിന്നിറങ്ങി വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നുവെന്ന് മാമൌറ പോലീസ് സ്റ്റേഷന്‍ മേധാവി ലെഫ്റ്റനന്റ് കേണല്‍ ഇബ്രാഹിം മാത്തറിനെ ഉദ്ധരിച്ച് ‘എമറാത്ത് അല്‍ യോഉം’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മൃതദേഹം പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരുമെത്തി ദുര്‍മരണ വിചാരണാധികാരിയുടെ അടുത്തേക്ക് മാറ്റിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇബ്രാഹിം പറഞ്ഞു.
അവിവാഹിതനായ സലിം റാസ്-അല്‍-ഖൈമയില്‍ ഒരു സര്‍ക്കാര്‍ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. കുടുംബത്തിന് വേണ്ടി വിറക് ശേഖരിക്കാനാണ് സലിം മലയില്‍ പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു. പാകിസ്ഥാനിയായ ഒരു തൊഴിലാളിയാണ് വാട്ടര്‍ കൂളറിന് സമീപം സലിം ചലനമറ്റ് കിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പ്രദേശത്തെ വാട്ടര്‍ കൂളറുകള്‍ ഒന്നും ലൈസന്‍സില്ലാത്തവയാണെന്നും അവ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ലെന്നും റാസ്-അല്‍-ഖൈമ മുനിസിപ്പാലിറ്റി ഡയറക്ടര്‍ അല്‍-സാബി പറഞ്ഞു. ഇത്തരം വാട്ടര്‍ കൂളറുകള്‍ എമിറേറ്റിന്റെ പലഭാഗത്തും കാണാന്‍ സാധിക്കും. ചാരിറ്റി എന്ന നിലയില്‍ ചില പൗരന്മാര്‍ സംഭാവന ചെയ്തിട്ടുള്ളവയാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments