NewsIndia

കൈയരിവാള്‍ സഖ്യം; സംസ്ഥാന ഘടകം പിരിച്ചുവിടാന്‍ പൊളിറ്റ് ബ്യൂറോയ്ക്ക് ബംഗാള്‍ ഘടകത്തിന്റെ വെല്ലുവിളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ ചങ്ങാത്തം വലിയ പിഴവാണെങ്കില്‍ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോയെ (പി.ബി) പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം പിബി യോഗത്തിലാണ് ബംഗാള്‍ നേതാക്കള്‍ ദേശീയ നേതൃത്വത്തിന്റെ കുറ്റപ്പെടുത്തലിനെതിരെ ആഞ്ഞടിച്ചത്. തങ്ങളുടെ സാഹചര്യം വിശദമായി മനസ്സിലാക്കാനെന്നോണം അടുത്തയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു പി.ബിയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു ബംഗാളുകാര്‍ ആവശ്യപ്പെട്ടു.

തങ്ങളെ കുറ്റം പറയുമ്പോഴും കേരളം, ത്രിപുര, തമിഴ്‌നാട്, അസം എന്നിവിടങ്ങളില്‍ കിട്ടിയ മൊത്തം വോട്ടിനേക്കാള്‍ കൂടുതലാണ് ബംഗാളിലേതെന്ന വസ്തുത പ്രകാശ് കാരാട്ടും കൂട്ടരും കണ്ടില്ലെന്നു നടിക്കുകയാണെന്നു ബംഗാളില്‍നിന്നുള്ള ചില നേതാക്കള്‍ പിന്നീട് ആരോപിച്ചു. എന്താണു സംസ്ഥാനത്തെ സ്ഥിതിയെന്നും എന്തുകൊണ്ട് കോണ്‍ഗ്രസുമായി ചങ്ങാത്തം വേണ്ടിവന്നുവെന്നും വിശദമായി മനസ്സിലാക്കാനെന്നോണമാണ് എല്ലാവരും സംസ്ഥാന സമിതിക്കെത്താന്‍ ബിമന്‍ ബോസ്, സൂര്‍ജ്യ കാന്ത മിശ്ര തുടങ്ങിയവര്‍ ആവശ്യപ്പെട്ടത്.

വലിയ പിഴവാണുണ്ടായതെന്നു കരുതുന്നെങ്കില്‍ സംസ്ഥാന സമിതിയെ പിരിച്ചുവിട്ട് ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിക്കാന്‍ ബംഗാളുകാര്‍ വെല്ലുവിളിച്ചപ്പോള്‍ വിമര്‍ശകര്‍ പ്രതികരിച്ചില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ചങ്ങാത്തമുണ്ടാക്കിയതിലൂടെ ബംഗാളുകാര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയം ലംഘിച്ചെന്നും അതിനവര്‍ ഉത്തരം പറയേണ്ടിവരുമെന്നുമാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ടും മറ്റും പരസ്യമായി നിലപാടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button