NewsInternational

ഐ.എസ്‌ അതിക്രമം; ലക്ഷത്തില്‍പ്പരം ആളുകള്‍ പെരുവഴിയില്‍

ഡമസ്‌കസ്: വിമതാധീനമേഖലയായ അലപ്പോ പ്രവിശ്യയിലെ രണ്ടു പ്രമുഖനഗരങ്ങള്‍ ഐ.എസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍ പെരുവഴിയില്‍. അഅ്‌സാസും മാരിഅയുമാണ് പിടിച്ചെടുത്തത്. അതോടെ നിലവിലെ അവസ്ഥ കൂടുതല്‍ രൂക്ഷമായി. പതിനായിരങ്ങള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്.പോരാട്ടം രൂക്ഷമായതോടെ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള അല്‍സലാമ ആശുപത്രിയില്‍നിന്ന് രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. അലപ്പോ പ്രവിശ്യയിലെ അഅ്‌സാസിനടുത്തുള്ള അല്‍സലാമ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയാണ്. ആശുപത്രിയിലെ രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍, ആക്രമണത്തില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മറ്റൊരു വഴിയും മുന്നില്‍ തെളിയുന്നില്ലെന്ന് എം.എസ്.എഫിന്റെ സാരഥി പാബ്ലോ മാര്‍കോ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ പോരാട്ടം നടന്നിരുന്നത് ആശുപത്രിക്ക് ഏഴു കിലോമീറ്റര്‍ അകലെയായിരുന്നു. ഇപ്പോഴത് മൂന്നുകിലോമീറ്റര്‍ പരിധിയിലാണ്. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് വിമതമേഖലയായ അഅ്‌സാസിലേക്കും മാരിഅയിലേക്കുമുള്ള പ്രധാന പാത ഐ.എസ് ഉപരോധിച്ചു. 15000ത്തിലേറെ ജനങ്ങള്‍ മാരിഅ മേഖലയില്‍ മാത്രം കുടുങ്ങിക്കിടക്കുന്നുണ്ട്. 2012ലാണ് ഈ രണ്ടു നഗരങ്ങള്‍ വിമതര്‍ പിടിച്ചെടുത്തത്. തുര്‍ക്കിയില്‍നിന്നുള്ള പ്രധാന സപൈ്‌ള പാതയായിരുന്നു ഇത്. മാസങ്ങളായി ഈ നഗരങ്ങളില്‍ ഐ.എസ് മുന്നേറ്റം തുടരുകയാണ്. വെള്ളിയാഴ്ചയോടെ അഅ്‌സാസിലെ ഭൂരിഭാഗം ഗ്രാമങ്ങളും ഐ.എസ് പിടിച്ചെടുത്തു. അലപ്പോയിലെ വിമത അധീന മേഖലകളില്‍ സൈന്യത്തിന്റെ ബോംബാക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വ്യോമാ ക്രമണത്തില്‍ ഹരീതാന്‍ മേഖലയില്‍ 15 പേരും കഫര്‍ ഹംറയില്‍ നാലുപേരും കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button