തൃശ്ശൂര്‍: അംഗീകാരമില്ലാത്ത കോഴ്‌സിലേക്ക്, പ്രമുഖ കോളേജിന്റെ പേരുകൂടി ഉപയോഗിച്ച് നടത്തിയ പ്രവേശനത്തില്‍ കബളിപ്പിക്കപ്പെട്ടത് 42 വിദ്യാര്‍ത്ഥിനികള്‍. വര്‍ഷങ്ങള്‍ പോയതോടൊപ്പം ഇവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബാങ്കില്‍നിന്ന് വായ്പയെടുത്തവരും കൂട്ടത്തിലുണ്ട്. നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇന്റീരിയര്‍ ഡിസൈനിങ് ഡിഗ്രി കോഴ്‌സിലേക്ക് 2013ലും 2014ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികളാണെല്ലാവരും. തൃശ്ശൂരില്‍ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ‘ബ്രെയിന്‍ നെറ്റ് സെന്ററിന്റെ’ ഡയറക്ടര്‍ ലിജു പോളിനെതിരെയാണ് പരാതി. സെന്ററിന്റെ പ്രവര്‍ത്തനം തൃശ്ശൂര്‍ വിമല കോളേജിനോട് ചേര്‍ന്നാണെന്ന് ധരിപ്പിച്ചായിരുന്നു പ്രവേശന നടപടിക്രമങ്ങളെല്ലാം. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ 2012ല്‍ യു.ജി.സി. എടുത്തുകളഞ്ഞതാണ്. ഈ വിവരം മറച്ചുവെച്ചായിരുന്നു 30 പേര്‍ക്ക് വീതം പ്രവേശനം നല്‍കിയത്. പലപ്പോഴായി കോഴ്‌സ് നിര്‍ത്തിപ്പോയവര്‍ ഒഴികെ രണ്ടും മൂന്നും വര്‍ഷ ഡിഗ്രിക്കാരായി 42 വിദ്യാര്‍ത്ഥിനികളാണ് ഇപ്പോഴുള്ളത്. ഓരോ സെമസ്റ്ററിനും 30,600 രൂപ വീതമായിരുന്നു ഫീസ്. ഇതിനു പുറമെ, താമസത്തിനും മറ്റുമായി ഭാരിച്ച സാമ്ബത്തിക നഷ്ടം സഹിക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനികള്‍ കോഴ്‌സിന് അംഗികാരം ഇല്ലെന്നറിയാന്‍ വൈകി. സെമസ്റ്റര്‍ പരീക്ഷ നടക്കാതെ വന്നപ്പോഴും കോഴ്‌സിനെക്കുറിച്ച് സംശയം ഉയര്‍ന്നപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍, അന്നൊക്കെ അംഗീകാരം ഉറപ്പാക്കിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. സര്‍വ്വകലാശാല യു.ജി.സി.ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍നിന്നാണ് കോഴ്‌സ് അംഗീകാരമില്ലാതെ നടത്തിവരികയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് കബളിപ്പിക്കലിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്ത് വന്നത്. കോടതിയിലൂടെ അംഗീകാരം നേടിത്തരാമെന്ന ഡയറക്ടറുടെ മറുപടിയില്‍ വിശ്വാസമില്ലാത്തതിനാലാണ് നഷ്ടപരിഹാരം തേടി കോടതിയില്‍ പോകുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തൃശ്ശൂരില്‍ ‘ബ്രെയിന്‍ നെറ്റ് സെന്റര്‍’ വിമല കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് വെബ്‌സൈറ്റിലടക്കം പരസ്യങ്ങള്‍ നല്‍കിയിരുന്നത്. കോളേജിന്റെ എംബ്ലത്തോടും ചിത്രത്തോടും കൂടിയുള്ള രജിസ്‌ട്രേഷന്‍ ഫോമും പ്രവേശന ഫോമും വിദ്യാര്‍ത്ഥിനികളില്‍ വിശ്വാസം ഉണ്ടാക്കാനിടയാക്കി. ഐഡന്റിറ്റി കാര്‍ഡും ബസ് റൂട്ട് കാര്‍ഡും കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലോടും കൂടിയുള്ളതായിരുന്നു. ബാങ്കില്‍നിന്ന് വിദ്യാഭ്യാസവായ്പ തരപ്പെടുത്താനും പ്രിന്‍സിപ്പലിന്റെ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, കോഴ്‌സുമായൊ, അത് നടത്തുന്ന സ്ഥാപനവുമായൊ കോളേജിന് ഒരുവിധ ബന്ധവുമില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. കോളേജിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമ്പസ്സിന് പുറത്ത് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്. അതനുസരിച്ചാണ് വാടകയ്ക്ക് സ്ഥലം നല്‍കിയത്. രണ്ടുവര്‍ഷമായി പരീക്ഷ നടന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടപ്പോള്‍ സെന്ററിന്റെ ഡയറക്ടറെ വിളിച്ചുവരുത്തി ജൂണ്‍ 14നകം പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം മുഴുവന്‍ ഫീസും തിരികെക്കൊടുക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട് പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്കു കാരണമായി സെന്ററിന്റെ ഡയറക്ടര്‍ ലിജു പോള്‍ പറയുന്നത്. അഫിലിയേഷന്‍ നഷ്ടപ്പെട്ട വിവരം സര്‍വ്വകലാശാലാ അധികൃതര്‍ മറച്ചുവെച്ചതായി ആരോപിക്കുന്നു.
Post Your Comments