ജയ്‌സാല്‍മീര്‍: രാജ്യത്തിന്‍റെ പലഭാഗങ്ങളും വരള്‍ച്ചയിലാണ്, പക്ഷേ, വരണ്ട ഭൂപ്രകൃതി ആയിരുന്നിട്ടു കൂടി രാജസ്ഥാനിലെ ജയ്‌സാല്‍മീറിനടുത്തുള്ള താര്‍ മരുഭൂമിപ്രദേശമായ ഷാഗഡ് മണല്‍ക്കൂനകളില്‍ രണ്ടോ മൂന്നോ അടി താഴ്ചയില്‍ കുഴിക്കുമ്പോള്‍ത്തന്നെ ശുദ്ധജലം ലഭ്യമാകുന്ന അത്ഭുതപ്രതിഭാസവും. അതിനാല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ പ്രദേശത്തുള്ള നിരവധി ബിഎസ്എഫ് സുരക്ഷാപോസ്റ്റുകളില്‍ ശുദ്ധജലത്തിന്‍റെ ലഭ്യത ഒരു പ്രശ്നമെയല്ല.
ഒരു മരുപ്പച്ചയോടുപമിക്കാവുന്ന ഈ പ്രദേശത്ത് പല ഭാഗങ്ങളിലും 2-3 അടി താഴ്ചയില്‍ കുഴിക്കുമ്പോള്‍ തന്നെ ശുദ്ധജലം ലഭ്യമാകും. പണ്ടെങ്ങോ ഭൂമിക്കടിയില്‍ ആഴ്ന്നു പോയ സരസ്വതി നദിയില്‍ നിന്നുള്ള ജലമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ ജലാശയങ്ങള്‍ ഒരിക്കലും വറ്റാറില്ല എന്നത് ഏറ്റവും അത്ഭുതകരമാണ്. പകല്‍ ഉപയോഗത്തിനെടുക്കുമ്പോള്‍ കുറയുന്ന ജലത്തിന്‍റെ അളവ് രാത്രികാലത്ത് വീണ്ടും കൂടി പിറ്റേദിവസം പുലര്‍ച്ചയാകുമ്പോഴേക്കും പൂര്‍വ്വസ്ഥിതിയിലാകും. ജലത്തിന്‍റെ ഗുണവും പരിശുദ്ധിയും വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ ബ്രാന്‍ഡ് മിനറല്‍ വാട്ടറിനേക്കാള്‍ കൂടുതല്‍. ഷാഗഡ് മണല്‍ക്കൂനകളുടെ അടിയില്‍ക്കൂടി ഒഴുകുന്ന ഏതോ ഒരു ജലശേഖരമാണ് ഇവിടെയുള്ള ജലാശയങ്ങളെ വര്‍ഷം മുഴുവന്‍ ജലസമ്പന്നമാക്കുന്നത്. ഇതിനു പ്രത്യക്ഷ തെളിവായി ഷാഗഡ് പ്രദേശത്ത് സസ്യജാലങ്ങളുടെ വളര്‍ച്ചയും കൂടുതലാണ്.
ബിഎസ്എഫ് സുരക്ഷാപോസ്റ്റുകളായ ഖര, ഖജൂരിയ, നല്‍ക്ക, ഝലാരിയ, റോഹ്താഷ്, വീര്‍ഹില്‍, കിരവാലി, സോംഗം തുടങ്ങിയവയ്ക്കെല്ലാം ജലലഭ്യത ഒരു പ്രശ്നമേയല്ല.
പ്രസിദ്ധ ചരിത്രകാരനായ നന്ദ്കിഷോര്‍ ശര്‍മയെപ്പോലുള്ളവര്‍ ഭൗമോപരിതലത്തില്‍ നിന്നും അപ്രത്യക്ഷമായ സരസ്വതിനദിയുടെ ഭൂമിക്കടിയിലെ സാന്നിദ്ധ്യമാണ് ഈ അത്ഭുത പ്രതിഭാസത്തിനു കാരണം എന്ന സിദ്ധാന്തത്തിന്‍റെ പ്രചാരകന്മാരാണ്.
Post Your Comments